ചിത്ര പാടാന്‍ വന്നിടത്ത് നിന്ന് ട്യൂണ്‍ ഇട്ടു, വരികള്‍ പറഞ്ഞുകൊടുത്തത് ചിത്ര എഴുതി; ബാലേട്ടനിലെ ഗാനം പിറന്നതിനെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ വൈറല്‍ വീഡിയോ
Malayalam Cinema
ചിത്ര പാടാന്‍ വന്നിടത്ത് നിന്ന് ട്യൂണ്‍ ഇട്ടു, വരികള്‍ പറഞ്ഞുകൊടുത്തത് ചിത്ര എഴുതി; ബാലേട്ടനിലെ ഗാനം പിറന്നതിനെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th September 2020, 5:39 pm

കൊച്ചി: മലയാളികളുടെ മനസിലെ മായാത്ത നോവാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങളും കവിതകളും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വി.എം വിനു സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനം പിറന്നതിനെ കുറിച്ചാണ് അഭിമുഖത്തില്‍ പറയുന്നത്.

നടന്‍ സിദ്ദീഖ് അവതാരകനായ പരിപാടിയില്‍ ഗിരീഷ് പുത്തഞ്ചേരിയും എം.ജയചന്ദ്രനുമായിരുന്നു അതിഥികള്‍. സിനിമയില്‍ നിന്ന് ഒഴിവാക്കാനിരുന്ന ഗാനമായിരുന്നു ഇതെന്നും ഗിരീഷ് പുത്തഞ്ചേരി വീഡിയോയില്‍ പറയുന്നുണ്ട്.

അവസാന നിമിഷം ഗായിക കെ.എസ് ചിത്ര പാടാന്‍ വന്നിടത്ത് നിന്ന് ട്യൂണ്‍ മാറ്റി അപ്പോള്‍ തന്നെ വരികള്‍ പറഞ്ഞുകൊടുത്ത ഗാനമാണിതെന്നും ഗിരീഷ് പുത്തഞ്ചേരി പറയുന്നുണ്ട്.

പാട്ട് എഴുതിയെടുത്തത് ചിത്രയാണെന്നും ഹാര്‍മോണയമോ മറ്റോ ഇല്ലാതെ ട്യൂണ്‍ പറഞ്ഞു കൊടുക്കുകയും അപ്പോള്‍ തന്നെ വരികള്‍ പറഞ്ഞുകൊടുക്കുകയുമായിരുന്നെന്നും ഗിരീഷ് പറയുന്നു.

പാട്ട് പിറന്നതിനെ കുറിച്ച് ഗിരീഷ് പറയുന്നത് ഇങ്ങനെയാണ്

ബാലേട്ടന് വേണ്ടി വി.എം വിനു അച്ഛന്‍ മരിച്ച സമയത്തേക്ക് വേണ്ടി ഒരു ഗാനം എഴുതാന്‍ പറഞ്ഞു. കുട്ടന്‍ (എം.ജയചന്ദ്രന്‍) ട്യൂണിട്ടു ഞാന്‍ എഴുതി, സന്തോഷത്തോടെ അന്ന് പിരിഞ്ഞു. ഞാന്‍ കോഴിക്കോടേക്കും വി.എം വിനുവും സംഘവും പാട്ടിന്റെ റെക്കോര്‍ഡിംഗിനായി ചെന്നൈയിലേക്കും പോയി.

ഒരാഴ്ച കഴിഞ്ഞ് മറ്റൊരു പാട്ടിന്റെ രചനയ്ക്കായി ഞാന്‍ ചെന്നൈയിലേക്ക് എത്തി. അവിടെ നിന്ന് വി.എം വിനു വിളിക്കുന്നു. പ്രശ്‌നമാണ് ഗിരിഷേ സെക്കന്റ് ഹാഫ് സിനിമയുടെ തിരക്കഥ ഒന്ന് മാറ്റി എഴുതി കുറച്ച് ഫാസ്റ്റ് ആക്കി. ഈ സമയത്ത് ഈ ഗാനം വെച്ചാല്‍ കുറച്ച് ലാഗ് വരും. പാട്ട് ചിത്രീകരിച്ചാല്‍ ചിലപ്പോള്‍ വെട്ടിമാറ്റേണ്ടി വരുമെന്നും വി.എം വിനു പറഞ്ഞു.

വെട്ടിമാറ്റുക എന്ന് പറഞ്ഞാല്‍ അങ്ങനെ സാധിക്കുന്ന ഒന്നാണോ കാരണം പണ ചിലവ് ഇല്ലെ സിനിമ ചിത്രീകരിക്കുന്നതിന് എന്നുംതാന്‍ ചോദിച്ചെന്നും ഗിരീഷ് പറയുന്നു.

തുടര്‍ന്ന് താന്‍ സംഗീതസംവിധായകനെ വിളിച്ച് പുതിയ ഒരു ട്യൂണ്‍ ഇടാന്‍ പറയുകയും ഹാര്‍മോണിയവും ഒന്നുമില്ലാതെ കുട്ടന്‍ അപ്പോള്‍ തന്നെ ട്യൂണ്‍ ഇടുകയും താന്‍ വരികള്‍ പറഞ്ഞുകൊടുക്കുകയും ചിത്ര അത് എഴുതി എടുക്കുകയും ചെയ്‌തെന്നും ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gireesh Puthenchery’s viral video about Balettan Movie song Innale ente nejile