Administrator
Administrator
മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി ; ഗ്രാമങ്ങളില്‍ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തയ നേതാവ്
Administrator
Friday 2nd October 2009 3:27pm

ghandigiഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 140ാം ജന്മദിനം. 1869 ഒക്ടോബര്‍ രണ്ടിനാണ് കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിബായിയുടെയും മകനായി അദ്ദേഹം ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജനിച്ചത്.

ഇന്ത്യയുടെ ആത്മാവ് കണ്ടെത്താന്‍ കഴിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജി. തന്റെ ജീവിതവും ദര്‍ശനവും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന് പുതിയ മുഖം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളില്‍ മാത്രം തളച്ചിടാന്‍ അദ്ദേഹം തയ്യാരായില്ല. രാഷ്ട്ര സ്വയം നിര്‍മ്മാണത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും ഗ്രാമമുണര്‍ന്നാല്‍ ഇന്ത്യ ഉണരുമെന്നും അദ്ദേഹം പറഞ്ഞു.

കൈത്തൊഴിലുകളും കൃഷിയും ചെറുകിട വ്യവസായങ്ങളിലൂടെയും ഓരോ പൗരനും ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. ബ്രിട്ടീഷ് അധിനിവേശത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ പരമ്പരാഗത വ്യവസായ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാനായി അദ്ദേഹം പ്രാചരണം നടത്തി. അതിന്റെ പ്രതീകമെന്നോണം അദ്ദേഹം ചര്‍ക്കയില്‍ നൂല്‍നൂറ്റു. സ്വയം നൂല്‍ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ ഓരോ നീക്കങ്ങളും അദ്ദേഹത്തിന്റെ ഈ ലക്ഷ്യങ്ങളിലേക്കുള്ള പാലായനമായിരുന്നു. ഉപ്പുകുറുക്കല്‍, വിദേശ ഉല്‍പന്ന ബഹിഷ്‌കരണം, സ്വദേശി പ്രസ്ഥാനം തുടങ്ങിയവയെല്ലാം ബ്രിട്ടീഷ് വിരുദ്ധതക്കൊപ്പം രാഷ്ട്രത്തിന്റെ ആഭ്യന്തര സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചുള്ളതായിരുന്നു. രാജ്യവികസനം അടിസ്ഥാന സമൂഹത്തില്‍ നിന്ന് ഉണ്ടായി വരണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഗ്രാമങ്ങളെക്കുറിച്ച് നിരന്ത്രം സംാസിരിച്ചുകൊണ്ടിരുന്നത്. അടിസ്ഥാന വിഭാഗങ്ങള്‍ വികസിക്കാതെ മുകള്‍ത്തട്ടില്‍ നേട്ടമുണ്ടായിക്കയത് കൊണ്ട് ഇന്ത്യ സ്വയം പര്യാപ്തമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

രാഷ്ടീയത്തില്‍ വ്യക്തമായ കാഴ്ചപ്പാട് സൃഷ്ടിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും വേറിട്ടതായിരുന്നു. വിനയത്തിലും എളിമയിലും വിശ്വസിച്ചു അദ്ദേഹം. ജനസേവനത്തിന് ആത്മസമര്‍പ്പണം ചെയ്യുന്നവര്‍ അഹിംസ, സത്യം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. ശത്രുവിനെ സഹനം കൊണ്ട് പരാജയപ്പെടുത്താമെന്ന് ലോകത്തിന് മുന്നില്‍ അദ്ദേഹം തെളിയിച്ചു. ബ്രിട്ടീഷ്് വിരുദ്ധ പോരാട്ടത്തിന് സത്യാഗ്രഹമെന്ന പുതിയ സമരമുഖം തുറന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ അക്കാലത്ത് നടന്ന രക്ത രൂക്ഷിതമായ പോരാട്ടങ്ങളെ ഗാന്ധിജി അംഗീകരിച്ചില്ല. പല കോണുകളിലായി ചിതറിക്കിടന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഏകോപിപ്പിക്കുന്നതിനും അക്കാലമത്രയും കോണ്‍ഗ്രസ് പിന്തുടര്‍ന്ന സമര രീതികള്‍ മാറ്റിയെഴുതാനും ഗാന്ധിജിക്ക് കഴിഞ്ഞു. 1920 ഓടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഗാന്ധിജിയെന്ന യുഗ പുരുഷന് ചുറ്റും കറങ്ങിത്തിരിഞ്ഞു. തന്റെ ജീവിതം കൊണ്ടും സന്ദേശം കൊണ്ടും അദ്ദേഹം ജനലക്ഷങ്ങളെ സ്വാധീനിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അദ്ദേഹത്തിന് അനുയായി വൃന്ദങ്ങളുണ്ടായി. അദ്ദേഹത്തിന്റെ അനുയായികള്‍ ഗാന്ധിയന്‍മാര്‍ എന്ന് അറിയപ്പെട്ടു.

1917 ഏപ്രില്‍ 16ന് ചമ്പാരന്‍ ജില്ലയില്‍ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ ഗാന്ധി ഇന്ത്യയില്‍ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കര്‍ഷക സമരം, അഹമ്മദാബാദിലെ തൊഴില്‍ പ്രശ്‌നം തുടങ്ങിയവ ഒത്തു തീര്‍പ്പാക്കി. 1917 ജൂണില്‍ സത്യാഗ്രഹാശ്രമം സബര്‍മതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബര്‍മതി ആശ്രമം എന്ന് അറിയപ്പെടാന്‍ തുടങ്ങി.

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന റൗലക്റ്റ് ആക്ടിനെതിരെ 1919 മാര്‍ച്ച് 30ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഗാന്ധി ആഹ്വാനം ചെയ്തു. എന്നാല്‍ ഹര്‍ത്താലിന്റെ തിയ്യതി പിന്നീട് മാറ്റിയെങ്കിലും ജനം വിദ്യാലയങ്ങളും കോടതികളും ബഹിഷ്‌കരിച്ചു. ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിച്ചു. ഏപ്രില്‍ 10ന് ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരില്‍ അറസ്റ്റ് ചെയ്തു. ഇതെ തുടര്‍ന്ന് ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗില്‍ ഒരു മിച്ച് കൂടിയ സമരക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചുകാലത്തേക്ക് അദ്ദേഹം പ്രക്ഷോങം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും രംഗത്ത് വന്നു.

ബ്രിട്ടീഷുകാരുടെ കടുത്ത മര്‍ദനങ്ങളെ സമാധാനപരമായി നേരിടാനാവില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നു. എന്നാല്‍ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂര്‍ണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോണ്‍ഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാര്‍ഗങ്ങള്‍’ എന്ന് തിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 1934 സെപ്റ്റംബര്‍ 1ന് പ്രമേയം പാസാക്കി. ഇതെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായി ഗാന്ധി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടെങ്കിലും സംഘടനാ നയരൂപീകരണത്തില്‍ ഗാന്ധിജിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.

ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിനും ഇന്ത്യയില്‍ അക്കാലത്ത് നിലനിന്ന അയിത്താചരണത്തിനുമെതിരെ ശക്തമായി നിലകൊണ്ടു അദ്ദേഹം. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദുമുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. ഇന്ത്യയിലെ ദലിതുകളെ ഹരിജനങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയില്‍ അദ്ദേഹം 1934 ജനുവരി 10ന് കേരളത്തില്‍ എത്തി. തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം, കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദര്‍ശനത്തിനിടയിലാണ് വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന നല്‍കിയത്.

അവിഭക്ത ഇന്ത്യക്ക് വേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു ഗാന്ധിജി. ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ടതിന് അദ്ദേഹത്തിന് തന്റെ ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്നു. കോണ്‍ഗ്രസ് മുസ്ലിം ലീഗ് നേതാക്കള്‍ ഇന്ത്യാ വിഭജനത്തിന് അനുകൂലമായ നിലപാടെടുത്തതില്‍ അദ്ദേഹം അതിയായ ദുഖിതനായിരുന്നു. ആഗസ്റ്റ് 14 അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അതിര്‍ത്തിയില്‍ ചോരപ്പുഴ ഒഴുകുകയായിരുന്നു. സ്വാതന്ത്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് പകരം അദ്ദേഹം വര്‍ഗീയ കലാപം പടര്‍ന്ന മേഖലയില്‍ സമാധാന സന്ദേശവുമായി കടന്നു ചെന്നു. ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങലിലൂടെ നഗ്‌നപാദനായി അദ്ദേഹം സഞ്ചരിച്ചു. പാക് വിഭജനത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു വര്‍ഗീയ വാദി അദ്ദേഹത്തെ കൊലപ്പെടുത്തി.

അഹിംസയായിരുന്നു ഗാന്ധിജി പ്രധാനമായും ലോകത്തിന് പകര്‍ന്ന നല്‍കിയ സന്ദേശം. അതു കൊണ്ട് തന്നെ ഒക്ടോബര്‍ രണ്ട് ലോക അഹിംസാ ദിനമായാണ് ആചരിക്കുന്നത്. 2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്ക് മാത്രമല്ല ലോകത്തെ മറ്റ് പല രാഷ്ട്ര നേതാക്കള്‍ക്കും ഗാന്ധിജി മാതൃകയായിരുന്നു. നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കള്‍ ഗാന്ധിജിയില്‍ മാതൃക കണ്ടെത്തിയവരാണ്.

Advertisement