ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നിലെ ബസിന്റെ പേര് പ്രണവ്, അത് യൂണിവേഴ്‌സിന്റെ ഉത്തരമല്ലേ: ഗായത്രി
Film News
ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നിലെ ബസിന്റെ പേര് പ്രണവ്, അത് യൂണിവേഴ്‌സിന്റെ ഉത്തരമല്ലേ: ഗായത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 11:58 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലുമായി ബന്ധപ്പെട്ടാണ് താരത്തിന് ട്രോളുകള്‍ ലഭിക്കുന്നത്. എങ്കിലും അതൊന്നും കാര്യമാക്കാതെ തനിക്ക് തോന്നുന്നത് ഗായത്രി വെട്ടിത്തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് പറയുകയാണ് ഗായത്രി. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം.

‘പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ. യൂണിവേഴ്‌സ് ചില സിഗ്നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ. ഒരു ഉത്തരമല്ലേ.

പിന്നെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്പോള്‍ ഒരു ഹോട്ടലില്‍ കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വെയ്റ്റര്‍ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുവാ.

ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പോയി. പുള്ളിക്ക് അതൊന്നും ഓര്‍മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.

2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് പിന്നീട് 2015 ല്‍ ജമ്നപ്യാരിയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്.


Content Highlight: GAYATHRI SURESH SAYS UNIVERSE ANSWERS HER ABOUT PRANAV