പ്രവാചക നിന്ദ: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍
national news
പ്രവാചക നിന്ദ: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 4:55 pm

ന്യൂദല്‍ഹി: പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍. വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീയ്ക്ക് രാജ്യത്ത് നിന്നും നേരിടുന്ന വധഭീഷണികള്‍ക്കിടയില്‍ മതേതര ലിബറലുകളുടെ മൗനം കാതടിപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ രാജ്യത്ത് നടക്കുന്ന വധഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും എതിരെ മതേതര ലിബറലുകളുടെ മൗനം കാതടപ്പിക്കുന്നതാണ്,’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിനകത്തും പുറത്തും ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഗൗതം ഗംഭീറിന്റെ പരാമര്‍ശം.

ടൈംസ്നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയാണ് യു.പി സര്‍ക്കാര്‍. അതേസമയം സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ വ്യാപകമാകുകയാണ്.

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുസ്‌ലിങ്ങളാണെന്ന് ചൂണ്ടിക്കാട്ടി #hindusunderattackinindia എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.
ഇസ്‌ലാംനഗര്‍ സ്വദേശി മൊബാസിര്‍, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗറിലെ സാഹില്‍ എന്നിവരാണ് മരിച്ചത്.

Content Highlight: Gautam Gambir supports nupur sharma over her controversial remarks about prophet