കെജ്‌രിവാളിനെ ആരും വീട്ടുതടങ്കലില്‍ വെച്ചതല്ല, വീട്ടിനുള്ളില്‍ കയറി സ്വയം പൂട്ടിയിരിക്കുകയാണെന്ന് ഗൗതം ഗംഭീര്‍; തൊട്ടുപിന്നാലെ ഫോട്ടോ സഹിതം ഗംഭീറിന് ആം ആദ്മിയുടെ ട്രോള്‍
national news
കെജ്‌രിവാളിനെ ആരും വീട്ടുതടങ്കലില്‍ വെച്ചതല്ല, വീട്ടിനുള്ളില്‍ കയറി സ്വയം പൂട്ടിയിരിക്കുകയാണെന്ന് ഗൗതം ഗംഭീര്‍; തൊട്ടുപിന്നാലെ ഫോട്ടോ സഹിതം ഗംഭീറിന് ആം ആദ്മിയുടെ ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 5:06 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടുതടങ്കലില്‍ പര്‌സപരം പഴിചാരി ആം ആദ്മിയും ബി.ജെ.പിയും.

കെജ്‌രിവാളിനെ ദല്‍ഹി പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് വെളിപ്പെടുത്തി ആം ആദ്മി രംഗത്തെത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍ വീട്ടിനകത്ത് സ്വയം പൂട്ടിയിരുന്ന് വീട്ടുതടങ്കലിലാണെന്ന് പറയുകയാണെന്നാണ് ഗംഭീറിന്റെ വാദം. ഇത്തരം പ്രവൃത്തി ചെയ്യാന്‍ കെജ്‌രിവാളിനെക്കൊണ്ടേ പറ്റൂവെന്നും ഗംഭീര്‍ പറഞ്ഞു. കര്‍ഷക സമരത്തെയും ഗംഭീര്‍ അധിക്ഷേപിച്ചു. പഞ്ചാബില്‍ അധികാരത്തിലെത്താനുള്ള വെറും നീക്കമാണ് കര്‍ഷക സമരമെന്നും ഗംഭീര്‍ ആരോപിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ ഗംഭീറിന് മറുപടിയുമായി ആം ആദ്മി രംഗത്തെത്തി. നിങ്ങളിത് മാലി ദ്വീപില്‍ നിന്നാണോ ട്വീറ്റ് ചെയ്യുന്നതെന്നായിരുന്നു ആം ആദ്മിയുടെ മറുപടി. മാലിദ്വീപില്‍ അവധി ദിനം ആഘോഷിക്കാന്‍ പോയ ഗംഭീറിന്റെ ചിത്രം സഹിതം ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ പങ്കുവെച്ചായിരുന്നു തിരിച്ചുള്ള പരിഹാസം.

അതേസമയം, കെജ്‌രിവാള്‍ വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ എത്തി പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്.

കെജ്‌രിവാളിനെ കാണാന്‍ ജനങ്ങളെ അനുവദിക്കാത്തത് അദ്ദേഹം വീട്ടുതടങ്കലിലാണെന്നതിന്റെ തെളിവല്ലേയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായ മനീഷ് സിസോദിയ പ്രതികരിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടു തടങ്കലിലാക്കിയില്ലെന്ന ബി.ജെ.പി നേതാക്കളുടെയും ദല്‍ഹി പൊലീസിന്റെയും വാദത്തിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയതിന് പിന്നലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യു.പിയിലെ വീട്ടില്‍ നിന്നും കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇടത് നേതാക്കളെയും പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചത്തീസ്ഗഡ് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Tweeting from Maldives?’: AAP Takes Dig at Gautam Gambhir for Mocking Kejriwal’s House Arrest