എഡിറ്റര്‍
എഡിറ്റര്‍
വിജയന്‍ സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം സ്ത്രീകളുടെ അവസ്ഥ: നിയമസഭയില്‍ മുഖ്യമന്ത്രിയോട് ഗൗരിയമ്മ
എഡിറ്റര്‍
Thursday 28th September 2017 9:55am


തിരുവനന്തപുരം: പെണ്ണുങ്ങള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്ന് മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മ. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളില്‍ മുന്‍ സമാജികരുടെ ഒത്തുചേരലിനിടെയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം.

‘വിജയന്‍ ഒന്ന് സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം സ്ത്രീകള്‍ നേരിടുന്ന ദുരിതം. പെണ്ണുങ്ങള്‍ക്ക് വഴിയിലിറങ്ങാനാകാത്ത സ്ഥിതിയാണിപ്പോള്‍’. ഗൗരിയമ്മ പറഞ്ഞു.

ഗൗരിയമ്മയുടെ ഈ വാക്കുകള്‍ സദസ്സില്‍ ചിരി പടര്‍ത്തി. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ ഗൗരിയമ്മ തുടര്‍ന്നു. ‘ഞാന്‍ പണ്ട് രാത്രി 10 മണിക്കൊക്കെ നടന്നുപോയിട്ടുണ്ട്. ആരും ഉപദ്രവിച്ചിട്ടില്ല. ഇന്ന് അങ്ങനെയല്ല സ്ഥിതി.’ മുഖ്യമന്ത്രിയെ നോക്കി ഗൗരിയമ്മ ഇതു പറയുമ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മുഖത്ത്.


Also Read:‘ഇതെല്ലാം മുസ്‌ലിം സമുദായത്തെ ഒന്നടങ്കം മോശം പ്രതിച്ഛായയില്‍ നിര്‍ത്തും’ ഹാദിയയുടെ വീട് സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ആനിരാജ


പ്രസംഗത്തിനിടെ ഈ പ്രായത്തിലും തന്റെ ആരോഗ്യ രഹസ്യം അവര്‍ വെളിപ്പെടുത്തി. ‘ജനങ്ങള്‍ക്കുവേണ്ടി അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചാല്‍ 100 അല്ല 120 വയസ്സുവരെ ജീവിക്കാം. ‘

പഴയ നിയമസഭാ ഹാളിന്റെ ഇടതുവശത്തായി താന്‍ ഇരുന്ന സ്ഥാനം സഭയിലുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു അവര്‍.

സംഗമം തുടങ്ങിയശേഷമാണ് ഗൗരിയമ്മ സഭയിലെത്തിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സദസ്സിലേക്ക് ഇറങ്ങി ഗൗരിയമ്മയെ കൈ പിടിച്ച് വേദിയിലെത്തിച്ചു.

മുഖ്യമന്ത്രി ഗൗരിയമ്മക്ക് ഉപഹാരം നല്‍കി. സ്ത്രീ എന്ന സ്വത്വത്തില്‍ മാത്രം ഒതുങ്ങിപ്പോകാത്ത സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Advertisement