എഡിറ്റര്‍
എഡിറ്റര്‍
ഗൗരിയുടെ മരണത്തിന് പിന്നില്‍ വലതുപക്ഷ ശക്തികളെന്ന് ഗൗരിയുടെ സഹോദരി; നക്‌സലുകളെന്ന പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തെന്ന് സഹോദരന്‍
എഡിറ്റര്‍
Friday 8th September 2017 12:23pm

ന്യൂദല്‍ഹി: ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നില്‍ നക്‌സലുകളാണെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് .

കൊലപാതകത്തിന് പിന്നില്‍ നക്‌സല്‍ബന്ധമുണ്ടെന്ന കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റാവു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ കേട്ട് തെറ്റിദ്ധരിച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ്് ഇന്ദ്രജിത് ലങ്കേഷ് പറയുന്നത്.


Also Read ബീഫ് കഴിക്കാനായി ആരും ഇങ്ങോട്ട് വരേണ്ട; സ്വന്തം രാജ്യത്തിരുന്ന് കഴിച്ചാല്‍ മതി; വിദേശികളോട് കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം


നക്‌സലിസത്തില്‍ നിന്നും ചിലരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഗൗരി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി തന്നെ അവര്‍ക്ക് ചില ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു.- ഇന്ദ്രജിത് പറയുന്നു.

സഹോദരിയുടെ മരണത്തിന് പിന്നില്‍ മാവോയിസ്റ്റാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആയിരിക്കാം അല്ലായിരിക്കാം എന്നായിരുന്നു ഇന്ദ്രജിതിന്റെ മറുപടി. ഒരുപക്ഷേ വലതുപക്ഷ ശക്തികളായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും ഇന്ദ്രജിത് ലങ്കേഷ് പറയുന്നു.

‘ഗൗരിക്ക് നക്‌സലുകളില്‍ നിന്നും ഒരു ഭീഷണി സന്ദേശവും ലഭിച്ചിരുന്നില്ലെന്നും ഗൗരിയുടെ മരണത്തിന് പിന്നില്‍ വലതുപക്ഷ ശക്തികള്‍ ആണന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സഹോദരി കവിത ലങ്കേഷ് പറയുന്നു.

ഗൗരിയുടെ പ്രത്യയശാസ്ത്രം തികച്ചും അവര്‍ക്കെതിരായായിരുന്നു. എനിക്ക് ഒന്നും അറിയില്ല. ഒരിക്കലും സ്വകാര്യമായ കാര്യങ്ങളുടെ പുറത്തല്ല കൊലപാതകം നടന്നത്. ഇത് കാഴ്ചപ്പാടിനെ ഇല്ലാതാക്കലാണ്. ഇത് അഭിപ്രായത്തെ ഇല്ലാതാക്കലാണ്. ഒരു മുന്നേറ്റത്തെ ഇല്ലാതാക്കലാണ്.- കവിത പറയുന്നു.

ആരുടേയും പേരെടുത്ത് പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഗൗരിയുടെ എഴുത്തിലൂടെ ആരെയാണോ അവര്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചത്. അവര്‍ തന്നെയാണ് ഇത്തരമൊരു കൃത്യത്തിന് പിന്നില്‍.

നക്‌സലുകളാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന തരത്തിലുള്ള പ്രചരണങ്ങളേയും കവിത തള്ളിക്കളഞ്ഞു. നക്‌സലുകളില്‍ നിന്നും ഒരു ഭീഷണിസന്ദേശവും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ചിലയാളുകള്‍ ഇതിന് പിന്നില്‍ നക്‌സലുകളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊന്നുമല്ല.

അവര്‍ അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഗൗരി അവരെ പിന്തുണയ്ക്കാം ഇല്ലാതിരിക്കാം. എന്നിരുന്നാലും അക്രമത്തിന്റെ പാത വെടിയാന്‍ തന്നെയായിരുന്നു ഗൗരി എല്ലായ്‌പ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

എന്റെ സഹോദരിയെ ഗാന്ധിയുമായൊന്നും ഞാന്‍ താരതമ്യപ്പെടുത്തുന്നില്ല. എങ്കിലും അക്രമം വെടിച്ച് അഹിംസയുടെ മാര്‍ഗം സ്വീകരിക്കാന്‍ ഗൗരി ആവശ്യപ്പെടാറുണ്ടായിരുന്നു. തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു അവര്‍ എന്നും കവിത പറയുന്നു.’

Advertisement