എഡിറ്റര്‍
എഡിറ്റര്‍
ചവറ കെ.എം.എം.എല്‍ കമ്പനിയില്‍ വീണ്ടും വാതക ചോര്‍ച്ച
എഡിറ്റര്‍
Thursday 7th August 2014 1:40pm

kmml കൊല്ലം: ചവറ കെ.എം.എം.എല്‍ കമ്പനിയില്‍ വീണ്ടുംവാതകം ചോര്‍ന്നതിനെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ശങ്കരമംഗലം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വിഷവാതകം നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട  വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എം.എം.എല്‍ കമ്പനിക്ക് മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

ഇതിനിടെ കമ്പനിയില്‍ നിന്നുളള വാതക ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം പ്രശ്‌നം പരിഹരിക്കാതെ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശം നല്‍കി.

കെ.എം.എം.എല്ലില്‍ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ബോയ്‌സ് സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥികളെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

Advertisement