വിജയ് ബാബു നിര്‍മ്മിക്കുന്ന ഗാംങ്ങ്‌സ് ഓഫ് ബന്തടുക്കയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം: ഓഡീഷന്‍ ജൂണ്‍ 9ന്
Malayala cinema
വിജയ് ബാബു നിര്‍മ്മിക്കുന്ന ഗാംങ്ങ്‌സ് ഓഫ് ബന്തടുക്കയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം: ഓഡീഷന്‍ ജൂണ്‍ 9ന്
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 2:22 pm

 

അങ്കമാലി ഡയറീസിനുശേഷം വിജയ് ബാബു നിര്‍മിക്കുന്ന ഗാംങ്ങ്‌സ് ഓഫ് ബന്തടുക്കയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 25ും 55നുംഇടയില്‍ പ്രായമുള്ള 15 ഓളം പേരെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്.

മലബാര്‍ മേഖലയിലെ ആദ്യ ഘട്ട ഓഡീഷന്‍ ജൂണ്‍ 9 ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ അഞ്ചു മണിവരെ കണ്ണൂര്‍ റെയില്‍ വേ സ്റ്റേഷനു സമീപം ബല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയില്‍ബോ സ്യൂട്ടില്‍ നടക്കും. കളരി, മറ്റ് ആയോധന മുറകള്‍, തിയേറ്റര്‍ പരിചയം എന്നിവയില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്കാണ് മുന്‍ഗണന.

കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്ക ഉള്‍ഗ്രാമത്തിലെ ഗ്യാങ്ങിന്റെ കഥയാണ് ഗാംങ്ങ്‌സ് ഓഫ് ബന്തടുക്ക പറയുന്നത്. അതിര്‍ത്തി ഗ്രാമമായ ബന്തടുക്ക കഴിഞ്ഞാല്‍ കര്‍ണാടക വനമേഖലയാണ്.

40 വര്‍ഷം നീണ്ടുനിന്ന കുടിപ്പകയുടെ ചരിത്രമാണ് ഗാംങ്ങ്‌സ് ഓഫ് ബന്തടുക്കയെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിസാം റാവുത്തരാണ് തിരക്കഥ തയ്യാറാക്കിയത്. നിസാമിന്റെയും അനീഷിന്റെയും വര്‍ഷങ്ങളുടെ സ്വപ്നവും പ്രയത്നവുമാണ് ചിത്രമെന്നും വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലുടെ സംവിധായകന്‍ അനിഷ് അന്‍വര്‍ അറിയിച്ചിരുന്നു.

കൂടുതല്‍ പേരും നായക-നായിക കഥാപാത്രങ്ങളായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓഡിഷനലുകള്‍ക്ക് ശേഷമായിരിക്കും താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുക.