എഡിറ്റര്‍
എഡിറ്റര്‍
ഇളയരാജയ്ക്ക് പണത്തിന് ആര്‍ത്തിയെന്ന് സഹോദരന്‍; രാജയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും ഗംഗൈ അമരന്‍
എഡിറ്റര്‍
Tuesday 21st March 2017 7:47am

ചെന്നൈ: തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ അനുവാദമില്ലാതെ പാടിയതിന് ഗായിക കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഹോദരന്‍ രംഗത്ത്. നോട്ടീസ് അയച്ചതിലൂടെ ഇളയരാജയുടെ പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരമാണ് പുറത്ത് വന്നതെന്നാണ് ഇളയരാജയുടെ സഹോദരന്ഡ ഗംഗൈ അമരന്‍ പറഞ്ഞത്. രാജ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വ്യക്തമല്ല എന്നും അദ്ദേഹത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും സംഗീതസംവിധായകന്‍ കൂടിയായ ഗംഗൈ അമരന്‍ പ്രതികരിച്ചു.

സംഗീതത്തെ വെറും കച്ചവട വസ്തുവായി കാണരുത്. മറ്റുള്ളവര്‍ രാജയുടെ ഗാനങ്ങള്‍ പാടുമ്പോഴും ആസ്വദിക്കുമ്പോഴും അഭിമാനിക്കുകയാണ് വേണ്ടത്. സംഗീതസംവിധായകന്‍ ഈണമിട്ട പാട്ടുകള്‍ ജനങ്ങള്‍ക്ക് പാടാനുള്ളതാണ്. ആരും പാടരുതെന്ന ദുര്‍വ്വാശിയുണ്ടെങ്കില്‍ പിന്നെന്തിനാണ് സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


Also Read: പൂണൂല്‍ ജീവിതമാണ്; പക്ഷേ ചെങ്കൊടി എന്റെ ജീവനാണ് ; ആര്‍.എസ്.എസുകാരായ ക്ഷേത്രം ഭാരവാഹികളുടെ ശല്യം സഹിക്കവയ്യാതെ ശാന്തിപ്പണി ഉപേക്ഷിച്ച് യുവാവ്


ത്യാഗരാജസ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും കീര്‍ത്തനങ്ങളും എം.എസ് വിശ്വനാഥന്റെ കീര്‍ത്തനങ്ങളും പലരും ആവര്‍ത്തിച്ചത് റോയല്‍ട്ടി നല്‍കിയിട്ടാണോ എന്ന് ചോദിച്ച ഗംഗൈ അമരന്‍, ഗാനത്തിന് ഈണം നല്‍കുന്നയാള്‍ മാത്രമാണ് സംഗീത സംവിധായകന്‍ എന്നും വരികള്‍ എഴുതുന്ന രചയിതാവിനും വാദ്യോപകരണക്കാര്‍ക്കും റോയല്‍ട്ടി നല്‍കേണ്ടതല്ലേ എന്നും ചോദിച്ചു.

ഇളയരാജ ജീനിയസാണെങ്കിലും അദ്ദേഹത്തിന് ബുദ്ധിയില്ല. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ടാണ് അദ്ദേഹം ഓരോന്ന് ചെയ്യുന്നതെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായ ഗംഗൈ അമരന്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് ചിത്രയ്ക്കും എസ്.പി.ബിയ്ക്കും എതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എസ്പിബിയാണ് അറിയിച്ചത്. അനുമതിയില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്നാണ് ഇളയരാജ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസ്.പി.ബി പറഞ്ഞു.

 

Advertisement