Administrator
Administrator
ഗണേഷ്‌കുമാറിനെ കൂക്കിവിളിച്ചു; അടുത്ത വര്‍ഷം കാണിച്ചുതരാമെന്ന് മന്ത്രി
Administrator
Saturday 17th December 2011 9:37am

ചലച്ചിത്ര മേളയുടെ സമാപനചടങ്ങില്‍ മന്ത്രി പ്രസംഗിക്കുന്നു

ഫോട്ടോ: രാംകുമാര്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള സമാപന ചടങ്ങില്‍ പ്രസംഗിച്ച സിനിമാ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് പ്രതിനിധികളുടെ കൂവല്‍. കൂക്കിവിളിച്ചവരോട് രോഷത്തോടെ പ്രതികരിച്ച മന്ത്രി അടുത്തതവണ കാണിച്ചു തരാമെന്ന വെല്ലുവിളിയും നടത്തി. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മേളയുടെ സമാപനച്ചടങ്ങിലെ കൂവല്‍. കൂവാന്‍ വേണ്ടി മാത്രം മേളയ്ക്കു വരുന്നവരുടെ സ്ഥാനം അടുത്ത ചലച്ചിത്രമേളയില്‍ പുറത്തായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

‘സമാപന ചടങ്ങില്‍ മന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോഴും സദസ്സില്‍ നിന്ന് ചില അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. നിങ്ങളെ കൂവാന്‍ വിട്ടവരെ തനിക്കറിയാമെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ മന്ത്രി പിന്നെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. രാഷ്ട്രീയക്കാരനായ തനിക്ക് കൂക്കുവിളികളും കയ്യടികളും ലഭിച്ചിട്ടുണ്ട്. അതില്‍ കാര്യമില്ല. കൂവേണ്ടവര്‍ക്ക് അതു ചെയ്യാം. പരിപാടി അലങ്കോലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്തവരാണ് ബഹളം വെക്കുന്നത്. ഏഴ് ദിവസവും അവരതിന് ശ്രമിച്ചു. രതിനിര്‍വേദം പോലുള്ള സിനിമ കാണാന്‍ എത്തുന്നവരാണ് പ്രശ്‌നക്കാര്‍. അടുത്ത മേളയില്‍ ഇവരുണ്ടാവില്ല. ഇക്കൊല്ലം സിനിമ കണ്ടവര്‍ക്കാണ് അടുത്ത തവണ പാസ് കൊടുക്കുക. കൂടുതല്‍ സിനിമ കണ്ടവര്‍ക്കു മാത്രമേ പാസ് നല്‍കുകയുള്ളു. 6000 സീറ്റേ ഉള്ളുവെങ്കില്‍ പാസും അത്രമാത്രമേ നല്‍കൂ. മാന്യമായ പ്രതിഷേധം നല്ലതാണ.് എന്നാല്‍ പ്രതിനിധികള്‍ കൂകി വിളിക്കുന്നത് നാണക്കേടാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളിവിടെയുണ്ട്. ഇതെല്ലാം അവരും  കാണുകയാണ്.’

‘ചലച്ചിത്രമേളയെ പ്രതിഷേധിക്കാനുള്ള വേദിയാക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അതു മാന്യമായിട്ടായിരിക്കണം. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരിലുള്ള പ്രതിഷേധം ഇവിടെയുണ്ടായി. വളരെ മാന്യമായ പ്രതിഷേധമായിരുന്നു അത്. അതിനെ അഭിനന്ദിക്കുന്നു. നമ്മുടെ സംസ്‌കാരം പ്രകടിപ്പിക്കേണ്ടത് കൂവി വിളിച്ചല്ല. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ നില്‍ക്കുന്നു. സിനിമയെക്കുറിച്ച് ആരും ഒന്നും എന്നെ പഠിപ്പിക്കേണ്ടതില്ല.’

ചലച്ചിത്രഅക്കാദമിയില്‍ പഴയകാല സംഭവങ്ങളൊന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്നു മന്ത്രി പറഞ്ഞു.  പല മോശം കാര്യങ്ങളും ചലച്ചിത്രഅക്കാദമിയില്‍ ഉണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ ഏതു സിനിമയ്ക്കാണെന്ന് നേരത്തെ തന്നെ ചോര്‍ത്തിക്കൊടുക്കുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. ചലച്ചിത്ര അക്കാദമിയെ ആകെ ഉടച്ചു വാര്‍ക്കും. മേളയില്‍ സ്ത്രീകളെ അപമാനിച്ചത് ശരിയല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വസ്ത്രം നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

മേള കഴിഞ്ഞാല്‍ പ്രിയദര്‍ശന്‍ രാജിവെക്കുമെന്ന പ്രചാരണം നടക്കുന്നുണ്ട്. ആ വെള്ളം വാങ്ങിവെച്ചാല്‍ മതി. അഞ്ച് വര്‍ഷവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് പ്രിയദര്‍ശന്‍ തുടരും. അക്കാദമി പ്രവര്‍ത്തനം സുതാര്യമായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ മലയാളിയുടെ സാന്നിധ്യം അറിയിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയനെ അവഹേളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. മേളയില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അതു തിരുത്തും. അടുത്തവര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ചലച്ചിത്രമേള നടത്തും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തന്നെ ആരംഭിക്കും. താന്‍ തന്നെ അതിനു നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൂകിവിളിച്ചവരും കയ്യടിച്ചവരും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചലച്ചിത്ര മേളയില്‍ വന്‍ പോലീസ് സന്നാഹം

ഐ.എഫ്.എഫ്.കെ: അഞ്ചാം ദിനം

ഉത്സവ നഗരിയില്‍ നിന്ന് പത്രാധിപര്‍

പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു-more photos

ആദിമധ്യാന്തം പ്രദര്‍ശിപ്പിച്ചു; ഷെറിയുടെ കണ്ണുകള്‍ നിറഞ്ഞു

ചലച്ചിത്ര മേള: മലയാള സിനിമ പ്രതികരിക്കുന്നു

ചലച്ചിത്രോത്സവം: പ്രതിഷേധത്തിന്റെ മൂന്നാം നാള്‍

Malayalam News

Kerala News In English

Advertisement