Administrator
Administrator
ഗണേഷിന്റെ പ്രസംഗം ‘ടൈറ്റാനിയ’ത്തെ മറയ്ക്കാന്‍
Administrator
Friday 28th October 2011 2:19pm

ganeshkumarപൊളിറ്റിക്കല്‍ ഡസ്‌ക്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ്‌കുമാര്‍ നടത്തിയ വിവാദ പ്രസ്താവന നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള യു.ഡി.എഫ് തന്ത്രമെന്ന് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി അധികാരമേറ്റതുമുതല്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയങ്ങളിലെല്ലാം ഇത്തരത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാറുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ടൈറ്റാനിയം വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാറും പ്രതിക്കൂട്ടിലായിരിക്കുമ്പോഴാണ് ഒരു മന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ ഗണേഷ്‌കുമാറിന്റെ പ്രസംഗമുണ്ടായത്. പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളുയരാറുണ്ടെങ്കിലും കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് മുമ്പൊരിക്കലും പറയാത്ത കാര്യങ്ങളാണ് ഗണേഷ്‌കുമാര്‍ പ്രസംഗിച്ചത്.

ഗണേഷിന്റെ പ്രസംഗത്തിനെതിരെ സ്വാഭാവികമായും വന്‍ തോതില്‍ പ്രതിപക്ഷ പ്രക്ഷോഭം നടക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടിക്കാണാവുന്നതേയുള്ളൂ. പ്രസംഗിച്ച ഗണേഷിന് മാപ്പ് പറയുന്നതോടെ തടിയൂരാമെന്നും എന്നാല്‍ അതെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടര്‍ ചലനങ്ങളായി കത്തിക്കയറുമെന്നും ഭരണപക്ഷം കണക്കുകൂട്ടുന്നു. ഏതാണ്ട് ഇതേ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതും. ഗണേഷ് മാപ്പ് പറഞ്ഞുവെങ്കിലും അത് വി.എസിന്റെ പ്രായം മാനിച്ചാണെന്ന് ഉപാധി പറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പതിവുപോലെ എരിതീയില്‍ എണ്ണൊഴിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. അതായത് പറയാന്‍ ഗണേഷ് മാപ്പ് പറയുകയും ചെയ്തു, പക്ഷെ വിവാദങ്ങള്‍ കെട്ടടങ്ങാനുള്ള സാധ്യത സര്‍ക്കാര്‍ ഇല്ലാതാക്കുകയും ചെയ്തു.

ഇതിന് മുമ്പ് ബാലകൃഷ്ണപ്പിള്ള തടവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരിക്കുമ്പോഴായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോഴിക്കോട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അസിസ്റ്റന്റ് കമ്മീഷണര്‍ വെടിവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വെടിവെച്ചതെന്ന് എ.സി രാധാകൃഷ്ണപ്പിള്ള മാധ്യമങ്ങളോട് പറയുകയും ചെയ്തു.

വെടിവെപ്പിനെതിരെ പ്രതിപക്ഷ വ്യാപക പ്രക്ഷോഭം നടത്തുകയും അത് നിയമസഭയിലെ കയ്യാങ്കളി വരെ എത്തുകയും ചെയ്തു. ഒരു വെടികൊണ്ട് സര്‍ക്കാറിന് ദിവസങ്ങളോളം വിവാദങ്ങളുടെ പുകമറയുയര്‍ത്താനിയി. പിള്ളയുടെ ഫോണ്‍ വിവാദം അതോടെ കെട്ടടങ്ങുകയും ചെയ്തു.

എല്ലാ വിവാദങ്ങളിലും ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നത് കാണാമായിരുന്നു. കോഴിക്കോട് വെടിവെപ്പുണ്ടായപ്പോള്‍ ഭരണപക്ഷത്തിലെ പലരും അതിനെ തള്ളിപ്പറഞ്ഞപ്പോള്‍ പി.സി ജോര്‍ജ്ജ് പറഞ്ഞത് നാല് റൗണ്ട് വെടിവെച്ചിട്ടും ഒന്നുപോലും വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കൊള്ളാതിരുന്നതിനാല്‍ അക്കാരണം കൊണ്ടുതന്നെ രാധാകൃഷ്ണപ്പിള്ളയെ സസ്‌പെന്റ് ചെയ്യണമെന്നാണ്. അതേ പോലെ പിള്ള തടവില്‍ നിന്ന് ഫോണ്‍ വിളിച്ചതിനെ തടവുകാരുടെ മനുഷ്യാവകാശ പ്രശ്‌നമായാണ് കാണേണ്ടതെന്നും പി.സി ജോര്‍ജ്ജ് അന്നു പറഞ്ഞിരുന്നു.

ഇന്ന് ഗണേഷിന്റെ പ്രസംഗം വിവാദമായപ്പോള്‍ മന്ത്രിയും മന്ത്രിയും മുഖ്യമന്ത്രിയും സഭയില്‍ ക്ഷമ ചോദിച്ചുവെങ്കിലും പി.സി ജോര്‍ജ്ജ് പതിവ് രീതിയില്‍ വിവാദം കൊഴുപ്പിക്കുകയാണ്. വി.എസ് 35 വയസ്സുള്ള ആളായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ പറയാമായിരുന്നുവെന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞത്.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുന്ന ഘട്ടം വരുമ്പോഴെല്ലാം ചര്‍ച്ചയെ അട്ടിമറിക്കുന്ന രീതിയിലാണ് പി.സി ജോര്‍ജ്ജിന്റെ ഇടപെടലുണ്ടാവുന്നതെന്ന ആക്ഷേപം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തിരിക്കുന്നവര്‍ കാണിക്കേണ്ട പക്വതയും വിവേകവും തൊട്ടുതീണ്ടാത്ത തരത്തിലാണ് ജോര്‍ജ്ജിന്റെ ഇടപെടലുണ്ടാവുന്നത്. ഇത്തരം പ്രസ്താവനകള്‍ ജോര്‍ജ്ജ് മനപ്പൂര്‍വ്വം തന്നെ നടത്തുന്നതാണെന്ന ആരോപണത്തെ ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പമായിരിക്കുമ്പോഴും ജോര്‍ജ്ജ് സ്ഥിരമായി മാധ്യമങ്ങളുമായി ഇടപെടാറുണ്ടായിരുന്നുവെങ്കിലും ഇങ്ങിനെ അപക്വമായിട്ടായിരുന്നില്ല ഇടപെടല്‍ നടത്തിയത്.

ടൈറ്റാനിയം അഴിമതി വിഷയത്തില്‍ വിവാദമായ കമ്പനിക്ക് കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം കാണിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച കത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നുമെടുക്കാത്തതും വിവാദമായിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടി വന്നു. വിഷയം പുതിയ തലത്തിലേക്ക് കടക്കും മുമ്പ് തന്നെ, ഗണേഷിന്റെ പ്രസംഗം കൊണ്ട് അത് മറികടക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. ഒരു വിവാദം കൊണ്ട് മറ്റൊരു വിവാദത്തെ മറികടക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Advertisement