എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് വാക്ക് തെറ്റിച്ചു : ഗണേഷ് പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Tuesday 26th March 2013 11:54am

തിരുവനന്തപുരം: പിള്ള- ഗണേഷ് പ്രശ്‌നം വീണ്ടും പുകയുന്നു. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള വീണ്ടും രംഗത്തെത്തിയത്.

ഗണേഷ് വഴങ്ങിയില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് യു.ഡി.എഫിനോട് വീണ്ടും പിള്ള ആവശ്യപ്പെട്ടു. വിഷയം ഏപ്രില്‍ രണ്ടിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പിള്ള ആശ്യപ്പെട്ടിട്ടുണ്ട്.

Ads By Google

യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗണേഷ് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ തനിയ്ക്ക് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

മുന്‍പത്തേക്കാള്‍ മോശമായാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയോട് വൈരാഗ്യം കൂടിയ മട്ടിലാണ് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തിയും. എന്തുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങാത്തതെന്ന് ഗണേഷിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് വിധേയനാകാന്‍ മുന്നോട്ട് വെച്ച നിബന്ധനങ്ങള്‍ എല്ലാം അദ്ദേഹം കാറ്റില്‍ പരത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന കത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും പിള്ള പറഞ്ഞു.

നേരത്തെ ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

ഇതിന് ശേഷം കോണ്‍ഗ്രസ് ബി നേതൃയോഗം ചേരുകയും ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകാന്‍ തയാറായാല്‍ അദ്ദേഹത്തെ മന്ത്രിയായി നിലനിര്‍ത്തുമെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കുകയും ചെയ്തു.

ഒരു മന്ത്രിയെ പാര്‍ട്ടി നിയോഗിച്ചാല്‍ പാര്‍ട്ടി തന്നെ അവരെ പിന്‍വലിക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കാതെയും പാര്‍ട്ടിയെ അവഗണിച്ചും മുന്നോട്ട് പോയാല്‍ അവരെ പിന്‍വലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയെ പിന്‍വലിച്ച നിരവധി സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും നടന്നിട്ടുണ്ട്. മന്ത്രിയാകുന്നതോടെ പാര്‍ട്ടിയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഇല്ലാതാകുമെന്ന ഒരു പുതിയ സിദ്ധാന്തമാണ് ഐക്യ ജനാധിപത്യമുന്നണി കാണിച്ചത്.

പാര്‍ട്ടിക്ക് ഒരൊറ്റ തീരുമാനമേ ഉള്ളൂ. മറ്റു മന്ത്രിമാര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നത് പോലെ ഞങ്ങളുടെ മന്ത്രിയും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം. ആ ഒരു ഡിമാന്റ് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അതില്‍ എല്ലാമുണ്ടെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുമെന്നും ബാലകൃഷ്പ്പിള്ള വ്യക്തമാക്കി.

അതേസമയം തന്റെ വിഷയത്തില്‍ പിളളയുടെ ഭാഗത്തു നിന്നുണ്ടായ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ഗണേഷ് കുമാറും പ്രതികരിച്ചു. താന്‍ പാര്‍ട്ടിയുടെ അധീനതയിലാണെന്നും പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും അച്ഛന്‍ മഹാനായ നേതാവാണെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

Advertisement