എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് കുമാര്‍ രാജിവെക്കില്ല
എഡിറ്റര്‍
Thursday 7th March 2013 11:44am

തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗം. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.

Ads By Google

കെ.എം മാണി, ആര്‍. ബാലകൃഷ്ണ പിള്ള, ജോണി നെല്ലൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഗണേഷിനെതിരെ ആരോപണമുന്നയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും തല്‍ക്കാലം പ്രശ്‌നപരിഹരത്തിനെന്നോണം ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് തീരുമാനം.

ഈ വിഷയത്തി ഇനിയും  തുടര്‍വിവാദം ഉണ്ടാക്കരുതെന്ന് പി. സി ജോര്‍ജ്ജിനോട് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.

ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഘടകകക്ഷികള്‍ നടത്തിയ ഇടപെടലാണ് ഗണേഷ് കുമാറിന് അനുകൂലമായ തീരുമാനത്തിലേക്ക് നയിച്ചത്.

പി.സി ജോര്‍ജ്ജിന്റെ പരാതിയില്‍ ഗണേഷിന്റെ രാജി ആവശ്യപ്പെട്ടാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു

ഗണേഷ് തല്‍ക്കാലം രാജിവെക്കേണ്ട എന്നാണ് ഇന്നലെ രാത്രി ചേര്‍ന്ന കെ.പി.സിസി ഏകോപന സമിതി യോഗത്തിലുമുണ്ടായ പൊതുധാരണ.

ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. രാത്രി മന്ത്രി ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി.

മന്ത്രി ഗണേഷ്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷം പിടിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

ഗണേഷ് രാജിവെച്ചാലും രാജിവെച്ചില്ലെങ്കിലും തനിക്ക് പ്രശ്‌നമില്ല. പ്രശ്‌നം ന്യായമായി പരിഹരിക്കണമെന്നല്ലാതെ തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്നലെ സുകുമാരന്‍ നായരെ ഗണേഷ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാവിലെ സംഘടനാ ആസ്ഥാനമായ പെരുന്നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

ആര് മന്ത്രിയാകണമെന്നോ ആര് രാജിവെയ്ക്കണമെന്നോ താന്‍ പറയുന്നില്ല. അത് യുഡിഎഫിനെയും അതിലെ ഘടകകക്ഷികളെയും ബാധിക്കുന്ന വിഷയമാണ്. പ്രശ്‌നം പരിഹരിക്കാനുളള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമുണ്ട്.

ഗണേഷിനെതിരായ ആരോപണത്തില്‍ യാഥാര്‍ഥ്യം അറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള വിഷയത്തിന്റെ തുടര്‍ച്ചയാണിതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം കേരളാ കോണ്‍ഗ്രസ്-ബി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു രാവിലെ 9 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരും വി.എസ് മനോജും ചര്‍ച്ച നടത്തിയത്.

മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു കൂടിക്കാഴ്ച.

നിലവിലെ രാഷട്രീയ സാഹചര്യങ്ങളും ഇരുവരും മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ഗണേഷിന് പിന്തുണയുമായി യുഡിഎഫിലെ ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായത്. ഇതോടെ മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ച ഗണേഷ് കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ രാജിക്കാര്യം നിഷേധിച്ചു.

ഇതിനിടെ പി സി ജോര്‍ജ്ജിന്റെ പരാതിയിന്മേല്‍ ഗണേഷിന്റെ രാജി ആവശ്യപ്പെട്ടാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ മുന്നണി നേതൃത്വത്തിന്റെ തീരുമാനമില്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

Advertisement