എഡിറ്റര്‍
എഡിറ്റര്‍
രാജി സന്നദ്ധത അറിയിച്ച് ഗണേഷ് : ഭാര്യ യാമിനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Wednesday 6th March 2013 8:39am

തിരുവനന്തപുരം: വിവാദത്തിലകപ്പെട്ട മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഭാര്യ ഡോ: യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.

Ads By Google

അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ വിവാദവുമായി ബന്ധപ്പെട്ടു കുടുംബത്തിന്റെ അഭിപ്രായവും നിലപാടും അറിയിച്ചു.

യാമിനി തങ്കച്ചി ഇന്നലെ ഫോണിലൂടെ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിട്ടുണ്ടായിരുന്നു. ഇന്ന് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കൂടിക്കാഴ്ച നടത്തിയെതെന്നാണ് അറിയുന്നത്.

അതേസമയം ഗണേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു രാജിസന്നദ്ധത അറിയിച്ചു. എം.എല്‍.എ സ്ഥാനം രാജിവച്ചു വീണ്ടും ജനവിധി നേടാന്‍ തയാറാണെന്നു ഗണേഷ് അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വസ്തുതകള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായാണു വിവരം. ഇന്നലെ രാത്രിയാണു ഗണേഷ് മുഖ്യമന്ത്രിയെ കണ്ടത്. ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. രാജിക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരുമായും ഗണേഷ് ചര്‍ച്ച ചെയ്തു.

മന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ താന്‍ രാജിക്കു തയാറാണെന്നു നേരത്തെയും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഗണേശ് വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പി.സി ജോര്‍ജ് പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രണ്ടു പേരെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗണേഷ്‌കുമാറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ മറ്റാരോടും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

കഴിഞ്ഞ മുഖ്യമന്ത്രി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗണേഷ് കുമാര്‍ പി.സി ജോര്‍ജ് വിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. ഇവിടെ നടന്ന യോഗത്തെ കുറിച്ചേ പറയുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മന്ത്രിമന്ദിരത്തില്‍ കയറി  മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് കയ്യംകളി നടത്തിയെന്നാണ് മംഗളം പത്രം ഞായറാഴ്ച  റിപ്പോര്‍ട്ട് ചെയ്തത് . തനിക്കു ആരുടെയും തല്ലു കിട്ടിയിട്ടില്ല എന്നും  സദാ സമയം  പോലീസ്  കാവലുള്ള മന്ത്രിയുടെ വീട്ടില്‍ കയറി തല്ലാന്‍ കഴിയുമോ എന്നും ഗണേഷ് ചോദിക്കുന്നു.

വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത് ഗണേഷിനെ ആണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആണ് വെളിപ്പെടുത്തിയത്. നെല്ലിയാമ്പതി പ്രശ്‌നത്തില്‍  തന്റെ അജണ്ട നടപ്പാക്കാന്‍ പറ്റാതെ പോയ ജോര്‍ജ് ഗണേഷിനെ രാജി വെപ്പിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയതാണ്. കിട്ടിയ അവസരം ജോര്‍ജ് മുതലെടുത്തതാണെന്നും ഗണേഷ് പറയുന്നു.

ജോര്‍ജിന്റെ പ്രവര്‍ത്തിയെ ദൗര്‍ഭാഗ്യകരം എന്നതിന് അപ്പുറം യു.ഡി.എഫിലെ ആരും ഇതു വരെ വിമര്‍ശിച്ചിട്ടില്ല. കെ.എം മാണി അടക്കമുള്ള നേതാക്കളെല്ലാം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് നോക്കുന്നത്.

അതേസമയം പാര്‍ട്ടിയെ ഈ പ്രശ്‌നത്തില്‍ വലിച്ചിഴക്കരുതെന്നാണ് ബാലകൃഷ്ണപിള്ളയുടെ അഭ്യര്‍ത്ഥന. ആരോപണവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, എന്നാല്‍ ലഭിച്ച വിവരങ്ങള്‍ ആവശ്യമെങ്കില്‍ പറയാമെന്ന ഭീഷണിയും പിള്ളയുടെ പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്.

Advertisement