Administrator
Administrator
പെണ്ണുകേസില്‍ ഗണേഷിന് നാട്ടുകാരുടെ തല്ല്; തൊണ്ടി തെളിവ്
Administrator
Saturday 29th October 2011 2:51pm

ganeshkumarകോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ച മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നേരത്തെ സ്ത്രീകളെ അപമാനിച്ച കേസില്‍ പ്രതിയായിരുന്നയാള്‍. കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറേയും കുടുംബാഗങ്ങളെയും ശല്യം ചെയ്ത കേസിലാണ് ഗണേഷ് പ്രതിയായത്. സ്ത്രീകളെ ശല്യം ചെയ്യുന്നതിനിടെ പിടികൂടിയ ഗണേഷിനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍ തെറിച്ചുപോയ ഗണേഷിന്റെ വാച്ച് ഇപ്പോള്‍ കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്.

1996ലാണ് സംഭവമുണ്ടായത്. വനിതാ കൗണ്‍സിലറെയും കുടുംബത്തെയും അപമാനിച്ച ഗണേഷ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ കാല് പിടിച്ചാണ് കേസില്‍ നിന്ന് തലയൂരിയത്. കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയെയും കുടുംബത്തെയുമാണ് ഗണേഷും സംഘവും അപമാനിച്ചത്. നിര്‍മലയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ഗണേഷ് സഞ്ചരിച്ച വാഹനം ഗുരുവായൂര്‍ മുതല്‍ കൊയിലാണ്ടി വരെ ഇവരെ പിന്തുടര്‍ന്നു. നിര്‍മ്മലയും കുടുംബവും സഞ്ചരിച്ച ജീപ്പില്‍ ഡ്രൈവറെ കൂടാതെ പുരുഷന്‍മാരില്ലായിരുന്നു. മൂകാംബിക ദര്‍ശനത്തിന് പോവുകയായിരുന്നു സിനിമാ നടനായ ഗണേഷ്‌കുമാര്‍.

ഗുരുവായൂര്‍ മുതല്‍ ജീപ്പ് പിന്തുടര്‍ന്ന ഗണേഷ് കുറ്റിപ്പുറത്തെത്തിയപ്പോള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിത്തുടങ്ങി. സ്ത്രീകളോട് കമന്റടിയും അംഗവിക്ഷേപവും കാണിക്കാന്‍ തുടങ്ങി. കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ നിന്ന് ഉള്ളിലോട്ട് മാറി ഗുരുകുലം ബീച്ചിലാണ് കൗണ്‍സിലറുടെ വീട്. ഈ വഴിക്ക് ഗണേഷിന്റെ കാറും ജീപ്പിനെ പിന്തുടര്‍ന്നു. വീട്ടിലെത്തിയ കൗണ്‍സിലര്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ ഗണേഷിനെയും സംഘത്തെയും നന്നായി കൈകാര്യം ചെയ്തു. ഇതിനിടെ തെറിച്ചുപോയ ഗണേഷിന്റെ റാഡോ വാച്ചാണ് ഇന്നും തൊണ്ടി മുതലായി കോടതിയിലുള്ളത്. രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗണേഷിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുത്ത് ജാമ്യത്തില്‍വിട്ടു. ഇക്കാര്യം അന്നത്തെ കൊയിലാണ്ടി എം.എല്‍.എ പി വിശ്വന്‍ ഉപക്ഷേപത്തിലൂടെ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കൊയിലാണ്ടി കോടതി കേസ് പരിഗണിച്ചപ്പോള്‍ ഗണേഷ് ഹാജരായില്ല. വക്കീല്‍ അവധിക്ക് അപേക്ഷ നല്‍കി. തുടര്‍ന്ന് കേസ് ഒത്തുതീര്‍ക്കാന്‍ ഗണേഷ് ശ്രമം തുടങ്ങി. സംവിധായകന്‍ ഐ.വി ശശിയുടെ സഹോദരന്‍ ഐ.വി സതീശ് ബാബു മുഖേനയായിരുന്നു നീക്കം. അന്നത്ത സ്പീക്കര്‍ എം.വിജയകുമാര്‍ വഴിയും ശ്രമം നടത്തി. തിരുവനന്തപുരത്തെ എം.എല്‍.എ ക്വാട്ടേഴ്‌സില്‍ വെച്ച് ഗണേഷ്‌കുമാറും സി.പി.ഐ.എം നേതാക്കളും വിഷയം ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് കൊയിലാണ്ടി ടി.ബിയില്‍ നിര്‍മ്മലയെയും മറ്റും വിളിച്ചുവരുത്തി പി.വിശ്വന്റെ സാന്നിധ്യത്തില്‍ ഗണേഷ് സ്ത്രീകളോട് മാപ്പ് പറഞ്ഞു. തുടര്‍ന്ന് കൊയിലാണ്ടി കോടതിയില്‍ കേസ് അവസാനിച്ചു. കോടതിയിലുള്ള വാച്ച് ഗണേഷ് ഏറ്റുവാങ്ങേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. പലതവണ നോട്ടീസ് അയച്ച സാഹചര്യത്തില്‍ ഇപ്പോള്‍ വാച്ച് ലേലം ചെയ്യാനൊരുങ്ങുകയാണ് കോടതി.

Advertisement