എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി
എഡിറ്റര്‍
Tuesday 19th March 2013 10:47am

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
എന്നാല്‍ കുടുംബവിഷയം അടിയന്തര പ്രമേയത്തിന് വിഷയമാക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

Ads By Google

പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു വിഷയവും സഭയില്‍ അടിയന്തര പ്രമേയവിഷയമാക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കുടുംബകാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്ന കീഴ് വഴക്കമില്ലെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടിക്കായി എഴുന്നേല്‍ക്കുകയും ഗണേഷ്‌കുമാറിനെതിരെയുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മന്ത്രിയുടെ ഭാര്യ യാമിനി തങ്കച്ചി രേഖാമൂലം ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും അവര്‍ ന്നെ വന്ന് കണ്ട് ചില കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞെന്നും എന്നാല്‍ അത് ഗൗരവമുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗണേഷിനെതിരെയുള്ള ആരോപണം വസ്തുതാവിരുദ്ധമാണ്. ഗണേഷിന്റെ ഭാര്യ രേഖാമൂലം ലഭിക്കാത്ത പരാതിക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഗണേഷിന്റെ ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതി ഉമ്മന്‍ ചാണ്ടി മുക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.

ഗണേഷിനെതിരെയുണ്ടായ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും വിഷയത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ക്രമിനല്‍ കുറ്റമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

തുടര്‍ന്ന് പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതെ ഭരണപക്ഷത്തുള്ളവര്‍ സഭയില്‍ ബഹളം വെയ്ക്കുകയായിരുന്നു. ഒരു മന്ത്രിയുടെ കുടുംബകാര്യം സഭയില്‍ ചര്‍ച്ചാവിഷയമാക്കുന്നതിനെരെയായിരുന്നു ബഹളം.

തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു.

ഈ മന്ത്രി ഗണേഷ് കുമാറാണെന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ ആരോപണം.

മറ്റ് മന്ത്രിമാരുടെ ധാര്‍മ്മികതയെയും വിശ്വാസ്യതയെയും സംബന്ധിച്ച വിഷയമായതിനാല്‍ ഗണേഷ് കുമാര്‍ കുറ്റ സമ്മതം നടത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്ത പുറത്ത് വന്നതോടെ പലരും വിളിച്ച് ഏത് മന്ത്രിയാണെന്ന് ചോദിക്കുകയാണെന്നും ഗണേഷ് കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റ് ഇരുപത് മന്ത്രിമാരും സംശയിക്കപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.

അതൊഴിവാക്കാന്‍ വേണ്ടിയാണ് പേര് വെളിപ്പെടുത്തുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Advertisement