Administrator
Administrator
‘പി.ഡി.പിയെ ജനാധിപത്യവത്കരിക്കുന്നതില്‍ മഅദനിക്ക് വീഴ്ചപറ്റി’
Administrator
Friday 5th November 2010 12:26am

തയ്യാറാക്കിയത്: കെ.എം.ഷഹീദ്

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ യു.ഡി.എഫിനാണ് വോട്ട് ചെയ്തതെന്നും മുസ്‌ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറാണെന്നുമുള്ള പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ പ്രസ്താവന കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. ആള്‍ക്കൂട്ട രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന പി.ഡി.പിയെ സംഘടനാ സംവിധാനത്തിലേക്കും അതുവഴി ജനാധിപത്യ സ്വഭാവത്തിലേക്കും കൊണ്ട് വരാന്‍ ശ്രമം നടന്നപ്പോഴൊക്കെ അത് അട്ടിമറിക്കപ്പെട്ടിരുന്നു. 2005ല്‍ സി.കെ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങിയ സമയത്തായിരുന്നു കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവമുണ്ടായത്.

ദളിത്-മുസ്‌ലിം ഐക്യത്തെക്കുറിച്ച് പറഞ്ഞ് പാര്‍ട്ടിയുണ്ടാക്കി കേരളത്തിലെ നിര്‍ണായക ശക്തിയായി മാറിയ പി.ഡി.പി ഇന്ന് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും നിരന്തരം വേട്ടയാടപ്പെട്ടപ്പോഴും തീവ്രവാദ ആരോപണമുന്നയിക്കപ്പെട്ടപ്പോഴുമെല്ലാം പിടിച്ചു നിന്ന പി.ഡി.പി പാര്‍ട്ടി ചെയര്‍മാന്‍ വീണ്ടും ജയിലിലടക്കപ്പെട്ട ഈ നിര്‍ണായക സമയത്ത് ഒരു പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കയാണ്.

സംഘടനാ സംവിധാനമില്ലാതെ പി.ഡി.പിയെ ദുര്‍ബലപ്പെടുത്തിയത് ആരാണെന്നും അതില്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ പങ്കെന്തായിരുന്നുവെന്നതിനെക്കുറിച്ചും ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി തുറന്നു പറയുന്നു.

കേരളത്തില്‍ ചെറിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് പി.ഡി.പി. മുസ്‌ലിം-പിന്നാക്ക-ദളിത്-മര്‍ദിത മുന്നേറ്റം സ്വപ്‌നം കണ്ട് തുടങ്ങിയ പാര്‍ട്ടിക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശക്തമായ തിരിച്ചടികളും നേരിടേണ്ടി വന്നു. പാര്‍ട്ടി ചെയര്‍മാന്റെ അറസ്റ്റ്. തീവ്രവാദ ആരോപണം. പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി തീവ്രവാദ കേസുകളില്‍ കുടുങ്ങുന്ന സാഹചര്യം. എല്ലാ പ്രസന്ധികളെയും അതിജീവിച്ച പാര്‍ട്ടി ഇപ്പോള്‍ സ്വയം കുഴിയൊരുക്കുകയാണോ?

ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തിപരമോ വളരെ പെട്ടെന്നോ ഉണ്ടായതല്ല. പാര്‍ട്ടിയില്‍ കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷക്കാലമായി രൂപപ്പെട്ടുവന്ന പ്രശ്‌നങ്ങളുടെ അവസാനമെന്ന് പറയാം. സിറാജിന്റെ നിലപാട് മാറ്റം അതിനൊരു പ്രധാനകാരണമായി എന്ന് മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ പ്രസ്താവന മൂന്നര വര്‍ഷക്കാലമായി അദ്ദേഹം തുടര്‍ന്നുവന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്ത് എന്നും ഒറ്റപ്പെട്ടതായിരുന്നു. പി.ഡി.പി രാഷ്ട്രീയത്തെ ജനങ്ങള്‍ കണുന്നത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം, അതുവഴി മര്‍ദിതന്റെ മുന്നേറ്റം എന്നുള്ള ആശയത്തില്‍ അധിഷ്ടിതമായിട്ടാണ്. സവര്‍ണ ആധിപത്യത്തിനെതിരെയുള്ള പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി രൂപം കൊണ്ടത്. സവര്‍ണ ആധിപത്യം ഇന്ത്യയില്‍ പിടിമുറുക്കിയതും അതിന്റെ വ്യാപനവും പാര്‍ട്ടി വിശദമായി പഠിക്കുമ്പോഴും സവര്‍ണാധിപത്യത്തെ നേരിടുന്നതിന് പാര്‍ട്ടി മിഷണറി രൂപീകരിച്ചിട്ടില്ലായിരുന്നു.

അതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എല്ലാ കാലത്തും ശബ്ദമുയര്‍ന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവും മിഷണറി രൂപപ്പെടും എന്നുള്ള പ്രതീക്ഷയിലായിലായിരുന്നു നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ തുടര്‍ന്നത്. എന്നാല്‍ അങ്ങിനെയൊരു മിഷണി രൂപീകരിച്ച് രാഷ്ട്രീയ പോരാട്ടം സംഘടിപ്പിക്കുകയെന്ന പ്രതീക്ഷ നശിപ്പിക്കുന്ന രൂപത്തിലാണ് ഇപ്പോഴുണ്ടാവുന്ന വിഷയങ്ങളെ ഞങ്ങള്‍ നോക്കിക്കാണുന്നത്.

ഇതിലെ പ്രധാന പ്രശ്‌നം പി.ഡി.പി ആള്‍ക്കൂട്ട പ്രസ്ഥാനമായി നില്‍ക്കണോ, അതല്ല സംഘടിത പ്രസ്ഥാനമായി മാറണമോ എന്നുള്ളതാണ്. ആള്‍ക്കൂട്ട രാഷ്ട്രീയമായി പോകുകയാണെങ്കില്‍ മഅദനി വരുന്നു, വലിയ ആള്‍ക്കൂട്ടമുണ്ടാവുന്നു. അത് വെച്ച് വിലപേശല്‍ നടത്തുന്നു. അതുപയോഗിച്ച് ഭരണകൂടത്തിന്റെ ചില സൗകര്യങ്ങള്‍ അനുഭവിക്കുന്നു.കൂട്ടത്തില്‍ ന്യൂനപക്ഷത്തിന്റെയും ദളിതന്റെയും പ്രശ്‌നങ്ങള്‍ പേരില്‍ ഉന്നയിക്കുന്നു. ഇതൊരു രീതി.

എന്നാല്‍ സംഘടന കെട്ടിപ്പെടുത്ത് വളരെ കൃത്യമായി സാമ്രാജ്യത്വത്തിനെതിരെയും ഫാസിസത്തിനെതിരെയുമുള്ള പോരാട്ടത്തെ മുന്നോട്ട് കൊണ്ട് പോവുക. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുക എന്ന രീതി. ഇതാണ് കാതലായ പ്രശ്‌നം. മര്‍ദിത മുന്നേറ്റം സാധ്യമാവണമെങ്കില്‍, സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ നിലപാടെടുക്കണമെങ്കില്‍, പാര്‍ട്ടി ശക്തിപ്പെടുത്തണമെങ്കില്‍ പാര്‍ട്ടി സംഘടന ആവശ്യമാണ്. അതൊരു ആള്‍ക്കൂട്ടത്തിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിറാജിനെതിരെയുള്ള നിലപാടുകള്‍ ഉണ്ടാവുന്നത്. ആള്‍കൂട്ട രാഷ്ട്രീയമാണ് സിറാജ് വിഭാവനം ചെയ്യുന്നത്. പോരാട്ട സംഘടനക്ക് അത് ഫലപ്രദമല്ല. അത് സ്വാര്‍ഥ താല്‍പര്യങ്ങളില്‍ അധിഷ്ടിതമാണ്. ആള്‍ക്കൂട്ട രാഷ്ട്രീയത്തിന് ഭരണ സൗകര്യം അനുഭവിക്കാനും വ്യക്തിപരമായി നേട്ടമുണ്ടാക്കാനും എളുപ്പാണ്. പക്ഷെ അതുകൊണ്ട് മര്‍ദിത സമൂഹത്തിന് ഒരു നേട്ടവുമുണ്ടാകുന്നില്ല.

അതേസമയം കൃത്യമായ പ്രവര്‍ത്തനത്തോടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടം സംഘടിപ്പിക്കുകയെന്നതാണ് പ്രധാനം. സാമ്രാജ്യത്വത്തിന് അടിമ വേല ചെയ്യുന്ന സംഘടനകള്‍ പോലും പാര്‍ട്ടി സംഘടന കെട്ടിപ്പെടുത്തില്ലെങ്കില്‍ ജനകീയ അടിത്തറ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞവരാണ്. അപ്പോള്‍ വളരെ വലിയ രണ്ട് വിപത്തുകള്‍ക്കെതിരെ പോരാടുന്ന പാര്‍ട്ടി അത് നേരിടുന്നതിന് വേണ്ട യാതൊരു മിഷണറിയും രൂപപ്പെടുത്താതെ മുന്നോട്ട് പോകുന്നത് ഒട്ടും യോജിക്കാന്‍ കഴിയില്ല.

ഇത് വഞ്ചനയുടെ നിലപാട് കൂടിയാണ് . 17 വര്‍ഷം പി.ഡി.പിയുടെ കൂടെ പ്രവര്‍ത്തകര്‍ വളരെ സാഹസപ്പെട്ടാണ് നിന്നത്. അവരുടെ സമയം, സമ്പത്ത് യൗവ്വനം ഇതൊക്കെ പാര്‍ട്ടിക്ക് വേണ്ടി വിനിയോഗിക്കപ്പെട്ടുകൊണ്ടിരിക്കയാണ. സമൂഹത്തില്‍ നിന്ന് വലിയ ഒറ്റപ്പെടല്‍ നേരിട്ടിട്ടും ഈ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ ഒറ്റപ്പെടലുകളെ അതീജീവിച്ച് മുന്നോട്ട് പോകുന്നത്. പക്ഷെ ആ ജനത അറിയുന്നില്ല തങ്ങളെ നയിക്കുന്നവര്‍ എത്രത്തോളം താല്‍പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ദീര്‍ഘകാല ലക്ഷ്യത്തോട് അവര്‍ എത്രത്തോളം തല്‍പരരാണ് എന്നതും.

ഇത് ഞങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിരന്തരമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞാനും വലിയൊരു വിഭാഗവും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചെയര്‍മാന്‍ ഒന്നാം ജയില്‍വാസം കഴിഞ്ഞ് വരുമ്പോള്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞവരുണ്ടായിരുന്നു. പക്ഷെ ചെയര്‍മാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പൂന്തുറ സിറാജില്‍ നിന്നുണ്ടായ നിലപാട് അദ്ദേഹം വീണ്ടും ആള്‍ക്കൂട്ട രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയെ തിരികെ കൊണ്ട് പോവുകയെന്നതായിരുന്നു. വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും പ്രസ്ഥാനം വലുതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. എന്നാല്‍ പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം അതിന് സമാന്തരമായി പോലും കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞില്ല.

ജയിലില്‍ നിന്നിറങ്ങിയ അനുകൂല സാഹചര്യവും ആ വഴിക്ക് മുന്നോട്ട് പോയില്ല. തികച്ചും ആള്‍ക്കൂട്ട രാഷ്ട്രീയവുമായി പോകുന്ന നിലപാടാണ് വീണ്ടുമുണ്ടായത്. പാര്‍ട്ടി തുടങ്ങി അഞ്ച് വര്‍ഷത്തിനുള്ളിലായിരുന്നു ചെയര്‍മാന്റെ ഒന്നാമത്തെ അറസ്റ്റ്. മുമ്പ് അനുഭവമില്ലാത്ത പാര്‍ട്ടി എന്ന നിലയില്‍ ആ സാഹചര്യം നേരിടുന്നതിലുണ്ടായ പ്രശ്‌നം തുടങ്ങിയവയൊക്കെ ചൂണ്ടിക്കാണിച്ച് അന്നുള്ള ന്യൂനതകള്‍ ജനങ്ങളോട് വിശദീകരിക്കാമായിരുന്നു.

Advertisement