മെസിയെ ഞാന്‍ വീഡിയോ ഗെയിമില്‍ മാത്രമേ കണ്ടിട്ടുള്ളൂ, മെസിക്കൊപ്പം കളിക്കാൻ കാത്തിരിക്കുന്നു; ബ്രസീലിയന്‍ യുവതാരം
Football
മെസിയെ ഞാന്‍ വീഡിയോ ഗെയിമില്‍ മാത്രമേ കണ്ടിട്ടുള്ളൂ, മെസിക്കൊപ്പം കളിക്കാൻ കാത്തിരിക്കുന്നു; ബ്രസീലിയന്‍ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 10:19 am

2026 ലോകകപ്പ് യോഗ്യത അര്‍ജന്റീന-ബ്രസീല്‍ ആവേശകരമായ മത്സരം നടക്കുന്നതിന് മുന്നോടിയായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ കളിക്കുന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിന്റെ ആഴ്സണല്‍ താരമായ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി.

മെസിയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും മെസിയെ വീഡിയോ ഗെയിമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നുമാണ് മാര്‍ട്ടിനെല്ലി പറഞ്ഞത്.

‘മെസിയെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം ഒരു അസാധാരണ കളിക്കാരനാണ്. ഈ വര്‍ഷം വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനെതിരെ കളിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തില്‍ മെസിക്കൊപ്പം കളിക്കാനും അദ്ദേഹത്തെ വളരെ അടുത്ത് നിന്ന് കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ മെസിയെ വീഡിയോ ഗെയിമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. മെസിയോടൊപ്പം കളിക്കുന്നത് അത്ഭുതകരമായ അനുഭവമായിരിക്കും,’ മാര്‍ട്ടിനെല്ലി പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിനായി രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ഗോളാണ് മാര്‍ട്ടിനെല്ലി നേടിയത്. 2019ലാണ് താരം ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലില്‍ എത്തുന്നത്. ഗണ്ണേഴ്‌സിനായി മാര്‍ട്ടിനെല്ലി 36 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഇരുടീമുകളും കഴിഞ്ഞ മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. അര്‍ജന്റീന ഉറുഗ്വയോട് തോറ്റപ്പോള്‍ കൊളമ്പിയക്കെതിരെയായിരുന്നു ബ്രസീലിന്റെ തോല്‍വി.  ടീമുകളും തോല്‍വിയില്‍ നിന്നും കരകയറാന്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്.

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിലെ ലോകചാമ്പ്യന്‍മാര്‍. അതേസമയം അഞ്ച് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍.

Content Highlight: Gabriel Martinelli talks the happiness of playing together with Lionel messi.