മഴക്കെടുതിയില്‍ റോഡുകള്‍ക്കു മാത്രം രണ്ടായിരം കോടിയുടെ നഷ്ടം; ദേശീയപാതയ്ക്ക് 400 കോടി
Heavy Rain
മഴക്കെടുതിയില്‍ റോഡുകള്‍ക്കു മാത്രം രണ്ടായിരം കോടിയുടെ നഷ്ടം; ദേശീയപാതയ്ക്ക് 400 കോടി
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 8:10 pm

തിരുവനന്തപുരം: മഴക്കെടുതിയില്‍ കേരളത്തിന് പൊതുമരാമത്ത് മേഖലയില്‍ നഷ്ടമായത് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. റോഡുകള്‍ക്കു മാത്രം രണ്ടായിരം കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയ്ക്കുണ്ടായ നഷ്ടം 400 കോടി രൂപയാണ്. 88 പാലങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.

അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്നും മഴമാറിയശേഷം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതര്‍ക്കു നേരത്തേ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് ധനസഹായം നല്‍കുക.

ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10000 രൂപയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്.

വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും ധനസഹായം. വില്ലേജ് ഓഫീസറോടും പഞ്ചായത്ത് സെക്രട്ടറിയോടും എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. മേഘാവരണം കേരളാ തീരത്തു നിന്ന് അകലുന്നതായും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ കാലാവസ്ഥാ പഠന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളാ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്കു മാറിയിട്ടുണ്ട്. മാത്രമല്ല, ഉത്തരേന്ത്യക്കു മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്കു മാറുകയും ചെയ്തു. ഇതാണു കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.

ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്തുണ്ടാകാനുള്ള സാധ്യതയാണു കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാന്‍ മാത്രമാണു സാധ്യത.

ഇത്തരത്തില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരും. നാളെ വൈകുന്നേരത്തോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കേരളാ വെതറും പ്രവചിക്കുന്നുണ്ട്.