200 അടിച്ച ശേഷം ഒറ്റ മത്സരത്തിലും കളിച്ചില്ലല്ലോ? അത് പിന്നെ ഭായ് നിങ്ങളല്ലേ ക്യാപ്റ്റന്‍; രോഹിത്തിനെ നിര്‍ത്തിയപമാനിച്ച് ഇഷാന്‍; വീഡിയോ
Sports News
200 അടിച്ച ശേഷം ഒറ്റ മത്സരത്തിലും കളിച്ചില്ലല്ലോ? അത് പിന്നെ ഭായ് നിങ്ങളല്ലേ ക്യാപ്റ്റന്‍; രോഹിത്തിനെ നിര്‍ത്തിയപമാനിച്ച് ഇഷാന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th January 2023, 2:57 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 12 റണ്‍സിന് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയും സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

കിവീസ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തിയാണ് ഗില്‍ ഇരട്ട സെഞ്ച്വറി തികച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ഇന്ത്യന്‍ താരവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായാണ് ഗില്‍ റെക്കോഡിട്ടത്.

കഴിഞ്ഞ ഡിസംബറില്‍ ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയ റെക്കോഡാണ് പ്രായക്കണക്കില്‍ ഗില്‍ തന്റെ പേരിലാക്കിയത്. ഇതിന് പുറമെ ഏറ്റവും വേഗത്തില്‍ ആയിരം ഒ.ഡി.ഐ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായും റെക്കോഡിട്ടിരുന്നു.

 

മത്സര ശേഷം ഗില്ലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഗില്ലിനെ ഇരട്ട സെഞ്ചൂറിയന്‍മാരുടെ ക്ലബ്ബിലേക്ക് രോഹിത്തും ഇഷാന്‍ കിഷനും ചേര്‍ന്ന് ക്ഷണിക്കുന്നതും അവരുടെ സംസാരവുമാണ് വീഡിയോയിലുള്ളത്.

ഇതിനിടെ ഇഷാന്‍ കിഷന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം മൂന്ന് മത്സരങ്ങളില്‍ കളിച്ചില്ലല്ലോ എന്ന രോഹിത്തിന്റെ ചോദ്യത്തിലോട് ‘ഭയ്യാ ക്യാപ്റ്റന്‍ നിങ്ങളല്ലേ,’ എന്നായിരുന്നു കിഷന്റെ മറുപടി. ഇത് കേട്ട് മൂന്ന് പേരും പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഡിസംബര്‍ 10ന് നടന്ന അവസാന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിനത്തില്‍ കളിക്കാന്‍ ഇഷാന് അവസരം ലഭിച്ചിരുന്നില്ല.

രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഇഷാന്‍ കിഷന്റെ പൊസിഷന്റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ജനുവരി 21നാണ് പരമ്പരയിലെ രണ്ടാം മത്സരം.

റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

 

Content Highlight: Funny video of Ishan Kishan, Shubman Gill and Rohit Sharma goes viral