ആഹാ ഇങ്ങേനേം ക്രിക്കറ്റ് കളിക്കാം ല്ലേ... വിക്കറ്റ് കീപ്പറൊക്കെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍... ഇതൊരു പുതിയ കളി തന്നെ
Cricket
ആഹാ ഇങ്ങേനേം ക്രിക്കറ്റ് കളിക്കാം ല്ലേ... വിക്കറ്റ് കീപ്പറൊക്കെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍... ഇതൊരു പുതിയ കളി തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th June 2022, 7:34 pm

അണ്‍പ്രഡിക്ടബിലിറ്റിയാണ് ക്രിക്കറ്റ് എന്ന ഗെയിമിനെ എന്നും മനോഹരമാക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ പല മുഹൂര്‍ത്തങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതായിരിക്കും. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാവും പലപ്പോഴും ക്രിക്കറ്റില്‍ ഓര്‍ത്തുവെക്കപ്പെടുന്നതും.

അത്തരത്തിലുള്ള ഒരു സംഭവമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇ.സി.എല്‍ എന്ന യൂറോപ്യന്‍ ക്രിക്കറ്റ് ലീഗില്‍ സംഭവിച്ചിരിക്കുന്നത്.

പ്രാഗ് ബാര്‍ബേറിയന്‍സും വിനോറാഡി സി.സിയും തമ്മില്‍ നടന്ന മത്സരത്തിലെ ഒരു റണ്ണൗട്ട് ചാന്‍സാണ് ചര്‍ച്ചയാവുന്നത്.

ബാര്‍ബേറിയന്‍ ഇന്നിംഗ്‌സിലായിരുന്നു രസകരമായ ഈ നിമിഷം.

വിനോറാഡിയുടെ ബൗളര്‍ ബൗള്‍ ചെയ്ത നിമിഷം തന്നെ ബാര്‍ബേറിയന്‍സിന്റെ നോണ്‍ സ്‌ട്രൈക്കര്‍ സിംഗിളിനായുള്ള ഓട്ടം തുടങ്ങിയിരുന്നു. എന്നാല്‍ ബാറ്റര്‍ക്ക് പന്തിനെ അടിച്ചു പറത്താന്‍ കഴിഞ്ഞില്ല. വിക്കറ്റ് കീപ്പറുടെ കയ്യില്‍ കിട്ടിയപാടെ അയാള്‍ പന്ത് സ്‌ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്കെറിയുകയായിരുന്നു.

എന്നാല്‍ വിക്കറ്റില്‍ പന്ത് വിക്കറ്റില്‍ കൊണ്ടില്ല എന്നുറപ്പായതോടെ രണ്ട് പേരും സിംഗിളിനായി ഓടി. ഇത് കണ്ട് വിക്കറ്റ് കീപ്പര്‍ പിച്ചിന് നടുവിലേക്കെത്തി പന്ത് കളക്ട് ചെയ്യുകയും ബൗളര്‍ക്ക് പാസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബൗളര്‍ക്ക് പന്ത് കളക്ട് ചെയ്യാന്‍ സാധിച്ചില്ല.

ഇത് കണ്ടതോടെ ബാറ്റിംഗ് എന്‍ഡില്‍ നിന്നും അടുത്ത റണ്ണിനായി കോള്‍ ചെയ്യുകയും ഇരുവരും ഓടുകയും ചെയ്തു. ആ സമയത്ത് വിക്കറ്റ് കീപ്പര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയെങ്കിലും അപ്പോഴേക്കും റണ്ണര്‍ ക്രീസിലെത്തിയിരുന്നു. തുടര്‍ന്ന് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ത്രോ ചെയ്യുകയായിരുന്നു.

ഇവിടെയും ഫീല്‍ഡര്‍ക്ക് പന്ത് കളക്ട് ചെയ്യാനാവാതെ വന്നതോടെ ബാറ്റര്‍മാര്‍ ഒരു റണ്‍ കൂടി ഓടിയെടുത്തു.

ബാറ്റര്‍മാരുടെ വെപ്രാളവും ബൗളറുടേയും വിക്കറ്റ് കീപ്പറുടെയും ഒപ്പം കൂടിയ ഫീല്‍ഡര്‍മാരുടെയും കൂട്ടപ്പൊരിച്ചില്‍ കൂടി ആയപ്പോഴേക്കും സംഭവം കളറാവുകയും കാണികള്‍ക്ക് ചിരിക്കാനുള്ള വക സമ്മാനിക്കുകയുമായിരുന്നു.

യൂറോപ്പിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇ.സി.എസ് ടൂര്‍ണമെന്റ്. രസകരമായ പല നിമിഷങ്ങളും കളികള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.

ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങള്‍ ഇ.സി.എല്ലില്‍ സാധാരണയാണ്. ബാറ്റര്‍മാരുടെ വമ്പനടികള്‍ക്കും ബൗളര്‍മാരുടെ യോര്‍ക്കറുകള്‍ക്കും ഫീല്‍ഡേഴ്‌സിന്റെ ആക്രോബാക്ടിക് സ്‌കില്ലുകള്‍ക്കും പുറമെ ഇത്തരം കാഴ്ചകളാണ് ഇ.സി.എല്ലിനെ എന്നും വ്യത്യസ്തമാക്കുന്നത്.

ഇതെല്ലാം കണുമ്പോള്‍ ഇങ്ങനെയും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാവും എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മനസിലെത്തുക.

എന്നാല്‍ ക്രിക്കറ്റിന്റെ എല്ലാ സോ കോള്‍ഡ് കണ്‍വെന്‍ഷണല്‍ രീതികളേയും മാറ്റിവെച്ച് ക്രിക്കറ്റ് എന്ന ഗെയിംമിന്റെ സ്പിരിറ്റിനെയാണ് അവര്‍ ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും.

 

Content Highlight: Funny incident in European Cricket League