യോഗി ആദിത്യനാഥിന് അന്തിമ താക്കീത്; പത്ത് ദിവസത്തിനുള്ള വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം; ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ചന്ദ്ര ശേഖര്‍ ആസാദ്
national news
യോഗി ആദിത്യനാഥിന് അന്തിമ താക്കീത്; പത്ത് ദിവസത്തിനുള്ള വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം; ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ചന്ദ്ര ശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th September 2021, 5:05 pm

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി ആദിത്യ നാഥിന് അന്തിമ താക്കീത് നല്‍കി ആസാദ് സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് ചന്ദ്രശേഖര്‍ ആസാദ്.

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പ്രതിഷേധം തുടങ്ങുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലിയും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് ആദിത്യനാഥ് ഒരു വര്‍ഷം മുമ്പ് വാഗ്ദാനം നല്‍കിയതാണെന്ന് ഈ ആഴ്ച ആദ്യം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ആസാദ് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍, കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കില്‍ 10 ദിവസത്തിന് ശേഷം തങ്ങള്‍ അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ഓഫീസില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിക്കും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.

വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Fulfill promises made to Hathras rape victim’s family or will go on dharna: Chandrashekhar Azad to UP govt