Freedom Fight Review | സ്വാതന്ത്ര്യം പലവിധം
Film Review
Freedom Fight Review | സ്വാതന്ത്ര്യം പലവിധം
അന്ന കീർത്തി ജോർജ്
Thursday, 17th February 2022, 8:25 pm

ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന അഞ്ച് സിനിമകളുള്ള ആന്തോളജി എന്നതിനേക്കാള്‍, കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന, വ്യത്യസ്തമായ ഘടകങ്ങളുള്ള, ചിന്തിപ്പിക്കുന്ന അഞ്ച് ചിത്രങ്ങളുടെ ഒരു കൂട്ടമാണ് ജിയോ ബേബി അവതരിപ്പിക്കുന്ന ഫ്രീഡം ഫൈറ്റ്. സ്വാതന്ത്ര്യത്തിന്റെയും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും വിശാലമായ ഭൂമികയാണ് ഈ സിനിമ.

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ സാമൂഹ്യ പ്രാധാന്യവും മേക്കിങ്ങ് രീതികളിലെ പരീക്ഷണങ്ങളും ഈ ആന്തോളജിയെ പുതുമയുള്ള അനുഭവമാക്കുന്നുണ്ട്. ഈ ഓരോ ചിത്രവും പ്രേക്ഷകനോട് കൂട്ടുകൂടുന്നത് ഓരോ തരത്തിലാണ്.


ഗീതു അണ്‍ചെയ്ന്‍ഡിലെ ഗീതു എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മോണോലോഗുകള്‍ വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്നവയായിരിക്കും. കുഞ്ഞില മസിലാമണിയുടെ അസംഘടതരില്‍ മൂത്രപ്പുര സമരത്തിന്റെ കാരണങ്ങളെ വ്യക്തമായി അവതരിപ്പിച്ചതും കുറിക്കുകൊള്ളുന്ന കോമഡികളുമാണ് വ്യത്യസ്തമാകുന്നത്. ജോജുവിന്റെ പെര്‍ഫോമന്‍സും സിനിമയുടെ താളവുമാണ് ഓള്‍ഡ് ഏജ് ഹോമിനെ പ്രിയപ്പെട്ടതാക്കുന്നത്.
റേഷനില്‍ രണ്ട് ക്ലാസില്‍ പെട്ട വീടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ ഇന്റീരിയറില്‍ വരെ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തിയതാണ് മികച്ചുനില്‍ക്കുന്നത്. പ്രതൂമു എന്ന അവസാന ചിത്രം മേലാളന്മാരുടെ വയലന്‍സിനെ മറയില്ലാതെ കാണിക്കുന്നതിലാണ് നീതി പുലര്‍ത്തിയത്.

ഗീതു അണ്‍ചെയ്ന്‍ഡ്

25 വയസെത്തിയ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടുന്ന നിരന്തരമായ ചില സമ്മര്‍ദങ്ങളുണ്ട്. കല്യാണം, സെറ്റില്‍ ആകല്‍ എന്നിവയാണ് അതില്‍ ചിലത്. ഇതിനൊപ്പം പ്രണയബന്ധങ്ങളിലെ തുടരുന്ന പാട്രിയാര്‍ക്കിയയും തലവേദനയാണ്. ഇതെല്ലാം വ്യക്തമായി പ്രതിപാദിക്കുന്ന ചിത്രമാണ് ഗീതു അണ്‍ചെയ്ന്‍ഡ്.

അഖില്‍ അനില്‍കുമാര്‍ ഈ കഥ പറയാന്‍ സ്വീകരിച്ച രീതി ഇന്‍ട്രസ്റ്റിങ്ങായിരുന്നു. ഫോര്‍ത്ത് വാള്‍ ബ്രേക്കിങ്ങിന്റെ മറ്റൊരു മോഡിലാണ് സിനിമ നീങ്ങുന്നത്. അത്തരത്തിലുള്ള ഡയലോഗുകളും ക്യാമറ ആംഗിളുകളും ഫാസ്റ്റ് എഡിറ്റും സീന്‍സ് അറേഞ്ച് ചെയ്തതുമെല്ലാം ഒരു പുതുമ നിറഞ്ഞ അനുഭവമായിരുന്നു. എന്നാല്‍ ഈ മേക്കിങ്ങ് സ്റ്റൈലിനെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സിനിമയ്ക്കായിട്ടില്ല. ഫാസ്റ്റ് പേസില്‍ പോകുന്ന മേക്കിങ്ങ് സ്‌റ്റൈലുണ്ടായിട്ടു പോലും സിനിമയുടെ വേഗത നഷ്ടപ്പെടുന്നത്.

 

അതേസമയം ചില ആശയങ്ങളിലെ വ്യക്തത സിനിമക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട്. ഗീതുവിന്റെ ജീവിതത്തിലേക്ക് വരുന്ന രണ്ട് പുരുഷന്മാരുടെ സ്വഭാവത്തിലെ വ്യത്യാസവും എന്നാല്‍ അവര്‍ രണ്ട് പേരിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന പാട്രിയാര്‍ക്കല്‍ ബോധത്തെ ചിത്രീകരിച്ചിരിക്കുന്നതും ഇതിനുദാഹരണമാണ്. രജിഷയടക്കം സിനിമയിലെ എല്ലാവരുടെയും പെര്‍ഫോമന്‍സും മികച്ചതായിരുന്നു.

അസംഘടിതര്‍

കേരള ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട, എന്നാല്‍ ഇതുവരെയും ആ പ്രാധാന്യത്തില്‍ രേഖപ്പെടുത്തപ്പെടാത്ത അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സമരമാണ് ഈ സിനിമയുടെ പ്രമേയം. കോഴിക്കോട് മിഠായി തെരുവിലെ സെയ്ല്‍സ് ഗേള്‍സ് നടത്തിയ മൂത്രപ്പുര സമരമാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഇരിപ്പുസമരവും കടന്നു വരുന്നുണ്ട്. ഡോക്യുമെന്ററിയും ഫിക്ഷനും ഇട കലര്‍ന്നു വരുന്ന രീതിയില്‍, ഡോക്യു ഡ്രാമയായാണ് കുഞ്ഞില മസിലാമണി ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ശ്രിന്ദയുടെയും മറ്റു അഭിനേതാക്കളുടെയും സെയില്‍സ് ഗേള്‍സായുള്ള പ്രകടനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. വിജി പെണ്‍കൂട്ട് എന്ന മൂത്രപ്പുര സമരത്തിന് നേതൃത്വം നല്‍കിയ കരുത്തയായ നേതാവിനെ സിനിമയില്‍ അവരായി തന്നെ കൊണ്ടുവന്നതും വിജി ചേച്ചിയുടെ പെര്‍ഫോമന്‍സും നല്ലതായിരുന്നു.

ആണത്തത്തിന്റെ കാണിച്ചുകൂട്ടലുകള്‍ക്കും രാഷ്ട്രീയക്കാരുടെ മേധാവിത്വ ഭാവത്തിനും സൂക്ഷ്മമായ ചില കോമഡികളിലൂടെ കിടിലന്‍ മറുപടി കൊടുക്കുന്നിടത്താണ് കുഞ്ഞിലയിലെ സംവിധായിക ഏറ്റവും മുന്നിട്ടു നിന്നതായി തോന്നിയത്. ആണുങ്ങള്‍ സ്ത്രീകളെ അവഗണിക്കുന്ന രീതിയും എന്നാല്‍ നിലപാടുള്ള പെണ്ണുങ്ങളോടുള്ള പേടിയുമൊക്കെ പുരുഷ കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ തന്നെ കൊണ്ടുവരുന്നതും മികച്ചതായിട്ടുണ്ട്.

മേക്കിങ്ങ് സാധാരണ രീതികളില്‍ നിന്നും മാറിയ ഒരു വ്യത്യസ്തമായ ചുവടുവെയ്പ്പായിരുന്നെങ്കിലും ആസ്വദനത്തില്‍ ഈ ചിത്രം അത്ര മികച്ച അനുഭവമായിരുന്നില്ല. മൂത്രപ്പുര സമരത്തിലേക്ക് നയിച്ച കാരണങ്ങളും സ്ത്രീകളോടുള്ള അവഗണനയുടെ ആഴവും ഈ ചിത്രത്തിലെ സിനിമാറ്റിക് എലമെന്റുകളില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോകുന്ന ഈ രീതിയില്‍ നിന്നും മാറി പൂര്‍ണ്ണമായും ഒരു ഡോക്യുമെന്ററിയിലേക്ക് സിനിമ ഇടക്കിടെ മാറുന്നത് അനാവശ്യമായിരുന്നു.

റേഷന്‍

വിവിധ ക്ലാസുകളില്‍ പെട്ടവര്‍ തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ് ഫ്രാന്‍സിസ് ലൂയിസിന്റെ റേഷന്‍. ഭക്ഷ്യ വസ്തുക്കളിലൂടെയും വീടിന്റെ അകത്തളങ്ങളിലൂടെയുമാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്.

കബനി, ജിയോ ബേബി എന്നിവരുടെ പെര്‍ഫോമന്‍സ് നന്നായിരുന്നെങ്കിലും തിരക്കഥയിലും സംവിധാനത്തിലും പാളിച്ചകളുണ്ടായിരുന്നു. സ്പൂണ്‍ ഫീഡിങ്ങാവുന്ന രീതിയിലായിരുന്നു പല ഷോട്ടുകളും.

ഓള്‍ഡ് ഏജ് ഹോം

ജിയോ ബേബിയുടെ ഓള്‍ഡ് ഏജ് ഹോമാണ് ഫ്രീഡം ഫൈറ്റില്‍ ഏറ്റവും മികച്ച സിനിമാനുഭവം നല്‍കിയത്. ബേബി ജോര്‍ജായുള്ള ജോജു ജോര്‍ജിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. ലാലിയുടെ കഥാപാത്ര സൃഷ്ടിയും ലാലി പി.എമ്മിന്റെ ഏച്ചുകൂട്ടലുകളില്ലാത്ത പ്രകടനവും മികച്ചതാണ്. വീട്ടുജോലിക്കാരിയായി എത്തുന്ന രോഹിണിയുടെ ധനുവും കൂടി ചേരുമ്പോള്‍ ഈ സിനിമ അടുത്ത കാലത്തിറങ്ങിയതിലെ ഏറ്റവും മികച്ച പ്രകടനങ്ങളാകുന്നുണ്ട്.

ഈ മൂന്ന് ക്യാരക്ടേഴ്‌സിലൂടെ, വിവിധ തരത്തിലുള്ള വീര്‍പ്പുമുട്ടലുകളെയും നിസഹായതയെയും കുറിച്ചാണ് സിനിമ പറയുന്നത്. ഓരോ മനുഷ്യരും ആഗ്രഹിക്കുന്ന സ്‌പേസും ജീവിതത്തില്‍ നിന്നും ആഗ്രഹിക്കുന്ന തികച്ചും വ്യത്യസ്തമായ സ്വാതന്ത്ര്യങ്ങളുമെല്ലാം ഇതിനൊപ്പം കാണാം.

ആന്തോളജിയിലെ മറ്റു നാല് ചിത്രങ്ങളും ചില ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് വളരെ കഷ്ടപ്പെട്ട് എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കില്‍, ആ രീതിയിലേക്ക് നീങ്ങാത്ത ഒരു ചിത്രം കൂടിയാണ് ഓള്‍ഡ് ഏജ് ഹോം. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ജിയോ ബേബി ഉയര്‍ത്തിയ പ്രതീക്ഷകളെ ഓള്‍ഡ് ഏജ് ഹോം നിലനിര്‍ത്തുന്നുണ്ട്.

പ്ര.തൂ.മു

പ്ര.തൂ.മു അഥവാ പ്രജാപതിക്ക് തൂറാന്‍ മുട്ടി എന്ന ആന്തോളജിയിലെ അവസാന ചിത്രമാണ് കൂട്ടത്തില്‍ ഏറ്റവും തീവ്രമായത്. സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന തൊഴിലാളികളിലൂടെ കഥ പറയുന്ന സിനിമ വളരെ തുറന്ന രീതിയില്‍ തന്നെയാണ് കാര്യങ്ങളെ സമീപിച്ചിരിക്കുന്നത്. കീഴാള സമൂഹത്തിന് മുകളില്‍ അധികാര വര്‍ഗം നടത്തുന്ന വയലന്‍സിനെ അതിന്റെ എല്ലാ ഭീകരതയോടും കൂടി ആവിഷ്‌കരിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്. ജിതിന്‍ ഐസക് തോമസ് ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ സാധിക്കില്ല.

അടുത്ത കാലത്തായി തമിഴില്‍ ഇറങ്ങുന്ന, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളെ കുറിച്ചും അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും അവരുടെ പോരാട്ട സമരങ്ങളെ കുറിച്ചുമുള്ള സിനിമകളെയാണ് ഈ ചിത്രം ഓര്‍മ്മപ്പെടുത്തുന്നത്.

അല്‍പം ഡ്രമാറ്റികായി, എന്നാല്‍ നാച്ചുറല്‍ പെര്‍ഫോമന്‍സില്‍ ഊന്നിക്കൊണ്ട് തന്നെ എടുത്തിട്ടുള്ള ഈ സിനിമ, ആ രീതി േെമക്കിങ്ങിലും പിന്തുടരുന്നുണ്ട്. മന്ത്രിയായുള്ള സിദ്ധാര്‍ത്ഥ് ശിവയുടെ പ്രകടനമാണ്, മനസില്‍ നില്‍ക്കുന്നത്. സിനിമയുടെ പേര് ഒ.വി വിജയന്റെ ധര്‍മപുരാണം എന്ന നോവലിന്റെ ആദ്യ വാചകമായതുകൊണ്ട് തന്നെ ആ നോവലും അതിന്റെ കഥാപശ്ചാത്തലവുമെല്ലാം മനസിലേക്ക് വരും.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ എല്ലാ സിനിമകളും മികച്ച സിനിമാനുഭവമല്ല നല്‍കുന്നതെങ്കിലും, ഇവയോരൊന്നും ഒരു നിലവാരം പുലര്‍ത്തിയിട്ടുണ്ട്. സമൂഹം ചര്‍ച്ച ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിഷയങ്ങളെ തന്നെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. ഒരു സോഷ്യല്‍ കമന്ററി എന്ന നിലയില്‍, പുതുമ നിറഞ്ഞ സിനിമാറ്റിക് രീതികള്‍ കൂടി ഉള്‍ച്ചേര്‍ത്തിട്ടുള്ള ഫ്രീഡം ഫൈറ്റ് തീര്‍ച്ചയായും കാഴ്ചക്കാരെ അര്‍ഹിക്കുന്നുണ്ട്.


Content Highlight: Freedom Fight Movie Review| Jeo Baby

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.