കോടതിയുടെ വിമര്‍ശനം, ജനങ്ങളുടെ പ്രതിഷേധം; വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമെന്ന് പ്രധാനമന്ത്രി
Covid Vaccine
കോടതിയുടെ വിമര്‍ശനം, ജനങ്ങളുടെ പ്രതിഷേധം; വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th June 2021, 5:40 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ വാക്സിന്‍ നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.

ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

45 വയസ്സിനു മുകളിലുള്ളവര്‍ക്കു സൗജന്യ വാക്‌സിനും അതില്‍ താഴെയുള്ളവര്‍ക്കു പണമടച്ച് വാക്‌സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.

അതേസമയം രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കൊവിഡെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടായി,’ മോദി പറഞ്ഞു.

ഓക്‌സിജന്‍ പത്തിരട്ടി കൂട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘കൊവിഡിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രോട്ടോകോളാണ്. ഏറ്റവും വലിയ സുരക്ഷാ കവചം ഓക്‌സിജനും,’ പ്രധാനമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് രണ്ട് കൊവിഡ് വാക്‌സിനുകള്‍ രാജ്യം നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. 23 കോടി വാക്‌സിന്‍ ഇതുവരെ നല്‍കിയെന്നും മോദി പറഞ്ഞു.

വാക്‌സിന്‍ കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്നു കൂടുതല്‍ വാക്‌സിന്‍ വാങ്ങുന്നതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Hifghlight: Free Vaccine to all Covid 19