Administrator
Administrator
ഗോഡ്‌സേയും മദനിയും ഭാരതീയപാരമ്പര്യവും
Administrator
Thursday 11th August 2011 8:47am

abdunasir madani

സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

viswabhadrananda shakthibodhiഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അബ്ദുള്‍നാസര്‍ മദനി ഗോഡ്‌സേ മനോഭാവമുള്ള രാഷ്ട്രീയക്കാരുടേയും പോലീസുകാരുടെയും ന്യായാധിപന്മാരുടേയും ഇരയാണ്. പറയന്‍, പുലയന്‍, ഈഴവന്‍, നായര്‍, നമ്പൂതിരി എന്നിങ്ങനെ പരസ്പരം കണ്ടുകൂടാതെയോ തൊട്ടുകൂടാതേയോ കഴിഞ്ഞിരുന്നവരെല്ലാം മനുഷ്യരാണെന്നും മനുഷ്യര്‍ക്കെല്ലാം അവകാശവും അവസരവും തുല്ല്യമായി ലഭ്യമാകേണ്ടതുണ്ടെന്നുമുള്ള സമത്വ-സ്വാതന്ത്ര്യ സാഹോദര്യത്തിന്റെ കാഴ്ചപ്പാടാണ് കേരളത്തിന്റെയും ഇന്ത്യയുടേയും നവോത്ഥാനചരിത്രം മുന്നോട്ടുവച്ചത്. അങ്ങനെയാണ് പൊതുവഴി എല്ലാവര്‍ക്കും നടക്കാനുള്ളതും സ്‌കൂളുകള്‍ എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ളതും ആയിത്തീര്‍ന്നത്.

ജാതി വിഭാഗീയതകള്‍ക്ക് അതീതമായ മാനവമൈത്രിയുടെ പൊതു മണ്ഡലത്തെ രാജ്യവ്യാപകമായിതന്നെ ദുര്‍ബലമാക്കുന്നതിനു വീരസവര്‍ക്കാറും ജിന്നയും ഉയര്‍ത്തിക്കൊണ്ടുവന്ന വിഭജനവാദവും ചോരപ്പുഴയൊഴുകിയ ഇന്ത്യാ-പാക്ക് വിഭജനവും വഴിവെച്ചു. ഈ പിളര്‍പ്പിന്റെ ഫലമായി ശക്തിപ്പെട്ട മുസ്ലീം വിദ്വേഷത്തിന്റെ സന്തതിയാണ് നാഥൂറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദുരാഷ്ട്രവാദിയായ ഗാന്ധിഘാതകന്‍. ആയാളും ഒരു ബ്രാഹ്മണനായിരുന്നത്രെ!

‘മുസ്ലീങ്ങളെ അവിശ്വസിക്കണം’ എന്ന അജന്‍ഡയില്‍ ഒതുങ്ങുന്ന ഒന്നാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രം. മനുഷ്യന്‍ മഹര്‍ഷിയാകണമെന്നോ മഹാത്മാഗാന്ധിയാകണമെന്നോ അല്ല ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രം ആവശ്യപ്പെടുന്നത്. മറിച്ച് മനുഷ്യന്‍ ഇന്ത്യയില്‍ ഹിന്ദുവായിരിക്കുവാന്‍ മുസ്ലീം വിരുദ്ധനായിരിക്കണം എന്നാണ്; ക്രൈസ്തവവിരുദ്ധനും കമ്മ്യൂണിസ്റ്റ്‌വിരുദ്ധനും ആയിരിക്കണം എന്നാണ്.

ലോകാരാധ്യനായ ഗാന്ധിജിയുടെ വധത്തിലെ പ്രതി ഗോഡ്‌സേയെന്ന വ്യക്തിയെ ആര്‍.എസ്സ്.എസ്സ് തള്ളിപ്പറയുന്നുണ്ടെങ്കിലും ഗോഡ്‌സേ ഉന്നയിച്ച ‘മുസ്ലീം വിരുദ്ധനായ ഹിന്ദു ആയിരിക്കുക’ എന്ന ആശയം ആര്‍.എസ്സ്.എസ്സ് ഇന്നോളം തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ മനുഷ്യരെ ഗോഡ്‌സേയാക്കാനുള്ള സംഘടിതശ്രമങ്ങളുടെ ആകെത്തുകയാണ് സംഘപരിവാരപ്രവര്‍ത്തനം എന്നു പറയാം.

brevik andersonഈയിടെ നോര്‍വ്വേയില്‍ ആന്‍ഡേഴ്‌സണ്‍ ബ്രവിക് എന്ന ക്രൈസ്തവഭീകരവാദി ചെയ്തതിനെ ന്യായീകരിക്കുന്നവരല്ലാതെ ഹിന്ദുവാകാന്‍ ഗോഡ്‌സെ ആകണം എന്നതിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘപരിവാരത്തേയും ആരും ന്യായീകരിക്കുകയില്ല.

മുസ്ലീങ്ങളെ അവിശ്വസിക്കുന്ന ഒരു മനസ്സ് ഇന്ത്യയില്‍ രൂപപ്പെടുന്നതിനു ഇന്ത്യാ-പാക്ക് വിഭജനം നല്‍കിയ പ്രേരണകളെ ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും’ എന്ന പഴഞ്ചൊല്ലിന്റെ മനഃശാസ്ത്രമെങ്കിലും അറിയാവുന്നവര്‍ക്ക് തീര്‍ത്തും നിരാകരിക്കാനാവില്ല. ഇന്ത്യാ-പാക്ക് വിഭജനവും തദ്ഫലമായി രൂപപ്പെട്ട ഗോഡ്‌സേമനോഭാവവും ഉണ്ടായിരുന്നില്ലെങ്കില്‍ ആര്‍.എസ്സ്.എസ്സ് ഇത്രത്തോളം ഇന്നാടിന്റെ പാരമ്പര്യത്തിന്റെ വക്താക്കളെന്ന പുറന്തോലണിഞ്ഞ് വളരുമായിരുന്നോ എന്ന കാര്യവും പരിചിന്തനീയമാണ്.

ഹിന്ദുപക്ഷത്തു ഗോഡ്‌സേമാരുണ്ടായപ്പോള്‍ ഇപ്പുറത്ത് ഗോഡ്‌സേക്കു സദൃശരായവരും ഉണ്ടായി. ഇരുകൂട്ടരും ചെയ്തത് മതവിശ്വാസത്തിനെ പ്രതി മനുഷ്യരെ പരസ്പരം അവിശ്വാസികളാക്കിത്തീര്‍ക്കുന്ന നിലപാടുകള്‍ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രക്ഷേപണം ചെയ്യുക എന്നതാണ്. അങ്ങനെ ഗോഡ്‌സേ മനോബാധയുടെ പരമമോച്ചനിലയിലെത്തിയ ഹിന്ദുതീവ്രവാദപ്രാസംഗികര്‍ ഉണ്ടായി. അവരില്‍ മുമ്പനായിരുന്നു ചെങ്കോട്ടുകോണം ശ്രീരാമസഭാമിഷന്‍ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതി. ഇതിന്റെ ഇസ്ലാമിക പതിപ്പായിരുന്നു. ഐ.എസ്സ്.എസ്സ് രൂപീകരിച്ച ആബ്ദുള്‍നാസര്‍ മദനി.

സത്യാനന്ദസരസ്വതിയുടെ പ്രസംഗങ്ങള്‍ മുസ്ലീം വിരുദ്ധതയിലൂന്നിയ ഹിന്ദുത്വത്തെ പ്രഖ്യാപനം ചെയ്തു എങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പ്രസംഗങ്ങള്‍ ഫലത്തില്‍ ഹിന്ദുവിരുദ്ധതയിലൂന്നിയ മുസ്ലീം ആവേശത്തേയാണ് പ്രഖ്യാപനം ചെയ്തത്. കാമാവേശത്തിനു മാത്രമല്ല മതാവേശത്തിനും കണ്ണില്ല എന്നു തെളിയിക്കുന്നതായിരുന്നു രണ്ടും. ഇവര്‍ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ മുറിപ്പെടുത്തിയത് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.’ എന്ന ശ്രീനാരായണഗുരുവിന്റെ ആശയാദര്‍ശങ്ങളുടെ പൊന്നോണപ്പൊലിമയില്‍ പുലര്‍ന്നിരുന്ന മാവേലിനാടിന്റെ മലയാളിമനസ്സിനെ ആയിരുന്നു.

മനുഷ്യമനസ്സ് ഇന്ത്യയും പാക്കുമായി വിഭജിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ ‘താമര’ വിരിയില്ലായിരുന്നു. അതിനാല്‍ സത്യാനന്ദസരസ്വതി അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മഹത്വം ഏതു ഇ.എം.എസ്സ് ഗാന്ധിജിയോട് ഉപമിച്ചാലും അബ്ദുള്‍നാസര്‍ മദനിക്ക് വകവെച്ചുകൊടുക്കുവാന്‍ ബുദ്ധിമുട്ടാണ്. ഗാന്ധിജിയും മദനിയും തമ്മിലുള്ള അകലം ഗോഡ്‌സേയും ഗാന്ധിജിയും തമ്മിലുള്ള അകലത്തിന് മോഡിയും മഹര്‍ഷിയും തമ്മിലുള്ള അകലത്തിനും സമാനമാണ്.അടുത്ത പേജില്‍ തുടരുന്നു

Advertisement