ഫ്രാന്‍സില്‍ മക്രോണിന് ഇനി രണ്ടാമൂഴം; ലേ പെന്നിനെ പരാജയപ്പെടുത്തി
World News
ഫ്രാന്‍സില്‍ മക്രോണിന് ഇനി രണ്ടാമൂഴം; ലേ പെന്നിനെ പരാജയപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th April 2022, 8:11 am

പാരിസ്: ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് വിജയം. ഇതോടെ പ്രസിഡന്റ് സ്ഥാനത്ത് മക്രോണിന്റെ തുടര്‍ച്ചക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിന്‍ ലേ പെന്നിനെയാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്.

ഏപ്രില്‍ 24ന് നടന്ന രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിലെ വിജയത്തോടെയാണ് മക്രോണ്‍ ജയമുറപ്പിച്ചത്. 97 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ മക്രോണിന് 57.4 ശതമാനം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

അതേസമയം ലേ പെന്നിന് 42 ശതമാനത്തിനടുത്ത് വോട്ട് മാത്രമാണ് ലഭിച്ചത്.

എന്നാല്‍ തീവ്ര വലതുപക്ഷ നിലപാടുള്ള ലേ പെന്നിനെ പരാജയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് പലരും തനിക്ക് വോട്ട് ചെയ്തതെന്ന് മനസിലാക്കുന്നെന്നും തന്റെ ആദ്യ ഭരണത്തില്‍ അസംതൃപ്തിയുണ്ടെന്നും മക്രോണ്‍ തുറന്നു പറഞ്ഞു. ഇനിയുള്ള ഭരണകാലം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നല്‍കിയ പ്രതികരണത്തില്‍ മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 10നായിരുന്നു ഫ്രാന്‍സില്‍ ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ കണക്കുകളില്‍ ലേ പെന്നിന് 23.1 ശതമാനം വോട്ടം മക്രോണിന് 27.8 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്.

തെരഞ്ഞെടുപ്പ് വിജയത്തോടെ രണ്ട് പതിറ്റാണ്ടിനിടെ ഫ്രാന്‍സില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രസിഡന്റാവുന്ന ആദ്യത്തെയാളായി ഇമ്മാനുവല്‍ മക്രോണ്‍. 2017 മെയിലായിരുന്നു മക്രോണ്‍ ആദ്യമായി ഫ്രാന്‍സിന്റെ പ്രസിഡന്റായി അധികാരമേറ്റത്.

Content Highlight: France’s Emmanuel Macron Wins Second Term, Defeats Far-Right Leader Le Pen