എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ പതാക പതിച്ചതില്‍ രാഷ്ട്രീയ സന്ദേശമില്ലെന്ന് ഫെറാറി
എഡിറ്റര്‍
Saturday 27th October 2012 10:02am

ന്യൂദല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വധിച്ച കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക് പിന്തുണയറിയിച്ച് റേസ് കാറുകളില്‍ ഇറ്റാലിയന്‍ നാവികസേനയുടെ പതാക പതിപ്പിച്ച ടീം ഫെറാറിയുടെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ അപലപിച്ചു.

കായിക മേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങളുടെ പ്രചാരണത്തിന് അവസരമൊരുക്കുന്നത് ഒരു കായിക ഇനത്തിന്റെയും അന്തസ്സിന് ചേര്‍ന്നതല്ലെന്ന് പത്രക്കുറിപ്പില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Ads By Google

പതാക ഉപയോഗിക്കുന്ന കാര്യം ഫെറാറി പരസ്യമാക്കിയതിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നത്.

എന്റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇറ്റാലിയന്‍ നാവികസേനയുടെ പതാക പതിപ്പിച്ച റേസ് കാറുകളാണ് ഫെറാറി ഇന്നലെ പരിശീലന ഓട്ടങ്ങള്‍ക്ക് ഇറക്കിയത്. ഡ്രൈവറുടെ നമ്പര്‍ രേഖപ്പെടുത്തിയതിന് മുകളിലാണ് പതാക സ്ഥാപിച്ചത്.

പരിശീലന, യോഗ്യതാ മത്സരത്തിലും ഫൈനലിലും റേസ് കാറുകളില്‍നിന്നു പതാക നീക്കില്ലെന്ന് ഫെറാറി പ്രസ് ഓഫിസര്‍ ലൂക്കാ കൊളയാനി പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം മാനിക്കുന്നുവെന്നും എന്നാല്‍ ഇന്ത്യ വിചാരിക്കുംപോലെ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനല്ല തങ്ങളുടെ ശ്രമമെന്നുമായിരുന്നു മറുപടി.

ഇറ്റലിയുടെ അഭിമാനമാണ് രാജ്യത്തിന്റെ നാവികസേന. പതാക പതിപ്പിച്ചതില്‍ രാഷ്ട്രീയ സന്ദേശങ്ങളൊന്നുമില്ല. ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് കഴിഞ്ഞ വര്‍ഷം ജപ്പാന്റെ പതാക കാറില്‍ പതിപ്പിച്ചിരുന്നു. യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം നടന്ന മത്സരത്തില്‍ റേസ് കാറിന്റെ മുന്‍ഭാഗത്ത് കറുത്ത പെയിന്റടിച്ചു.

നാവികസേനയുടെ പതാക പതിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായിട്ടില്ലെന്നും ഫെറാറി പറഞ്ഞു.

Advertisement