തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ: സ്വപ്‌നയുടെ ആരോപണത്തില്‍ കെ.ടി. ജലീല്‍
Kerala News
തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ: സ്വപ്‌നയുടെ ആരോപണത്തില്‍ കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 9:26 am

 

മലപ്പുറം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.

തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ എന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ.ടി ജലീലിനെതിരെ ബിനാമി ആരോപണമാണ് സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്‍ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു.

മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സ്വപ്‌ന സുരേഷ് പറയുന്നു.

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്‌ന ആരോപിക്കുന്നു.

അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പി.സി. ജോര്‍ജുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സ്വപ്‌ന സുരേഷ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജലീല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വ്യക്തിപരമായ ബന്ധമില്ലെന്നും മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക ബന്ധമാണുള്ളതെന്നും നേരത്തേ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണെന്നും ജലീല്‍ പറഞ്ഞിരുന്നു.

പിന്നീട് അഡ്വ. കൃഷ്ണരാജും പി.സി. ജോര്‍ജുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും ഇക്കാര്യത്തില്‍ തന്റേതുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് തെളിവുകളും പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlughts: Former Union Home Minister KT Jalil said that he would not take any action against Swapna Suresh in his affidavit in the gold smuggling case