രോഹിത്തിന്റെ വെടി തീര്‍ന്നു, പകരം എന്തിനും ഏതിനും തയ്യാറായ മൂന്ന് താരങ്ങളെയെങ്കിലും പകരക്കാരായി കണ്ടു വെക്കണം; ഇന്ത്യന്‍ ടീമിന് 'നിര്‍ണായക' ഉപദേശവുമായി പാക് താരം
Sports News
രോഹിത്തിന്റെ വെടി തീര്‍ന്നു, പകരം എന്തിനും ഏതിനും തയ്യാറായ മൂന്ന് താരങ്ങളെയെങ്കിലും പകരക്കാരായി കണ്ടു വെക്കണം; ഇന്ത്യന്‍ ടീമിന് 'നിര്‍ണായക' ഉപദേശവുമായി പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd August 2022, 4:37 pm

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്ഥിരമായി പരിക്കേറ്റ് പുറത്താണെന്നും ഇതിനാല്‍ തന്നെ ഇന്ത്യ അവരുടെ ടോപ് ഓര്‍ഡര്‍ പൊളിച്ചെഴുതണമെന്നും മുന്‍ പാക് താരം സല്‍മാന്‍ ബട്ട്.

രോഹിത് ശര്‍മയുടെ പരിക്ക് കാരണമാണ് ഇന്ത്യന്‍ ടീമിന് ഓപ്പണിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടി വരുന്നതെന്നും ബട്ട് അഭിപ്രായപ്പെട്ടു. താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സെന്റ് കീറ്റ്‌സില്‍ വെച്ച് നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായിരുന്നു. അഞ്ച് പന്തില്‍ നിന്നും 11 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം.

ഇതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും രോഹിത് ശര്‍മ കളിച്ചിരുന്നില്ല.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ചും ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെ കുറിച്ചും ബട്ട് സംസാരിച്ചത്.

‘ഇന്ത്യയുടെ ടി-20 ലോകകപ്പിനുള്ള ഓപ്പണിങ് ലൈനപ്പിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് തുടര്‍ച്ചയായി നേരിടേണ്ടി വരുന്ന പരിക്കുകള്‍ മാനേജ്‌മെന്റിന്റെ മനസിലുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അവന് ഈയിടെ കൊവിഡ് ബാധിച്ചിരുന്നു. നിരവധി പരിക്കുകളും രോഹിത്തിനുണ്ട്,’ ബട്ട് പറയുന്നു.

ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അതിന് പറ്റിയ താരങ്ങളെ ബാക്കപ്പായി ഇന്ത്യ കണ്ടുവെക്കണമെന്നും ബട്ട് പറയുന്നു.

‘വിവിധ കാരണങ്ങള്‍ കൊണ്ട് അവന്‍ ടീമിനൊപ്പം വന്നും പോയും ഇരിക്കുകയാണ്. എന്ത് സാഹചര്യം വന്നാലും അതിനെ നേരിടാന്‍ തയ്യാറായ മൂന്ന് താരങ്ങളെയെങ്കിലും ഇന്ത്യ കണ്ടുവെക്കണം.

ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യന്‍ ടീം താരങ്ങളെ മാറ്റുകയോ അതല്ലെങ്കില്‍ മറ്റുതാരങ്ങള്‍ക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ കൊടുക്കയോ ചെയ്യുന്നത് നിങ്ങളുടെ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവും.

രണ്ട് പേര്‍ക്കും കളിക്കാനുള്ള അവസ്ഥയുണ്ടാവുകയാണെങ്കില്‍ രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും ഇന്ത്യ ഓപ്പണിങ്ങില്‍ കളിപ്പിക്കണം. മറിച്ചാണെങ്കില്‍ ആ അവസ്ഥയെ ഇന്ത്യ മുന്നില്‍ കാണുകയും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം,’ ബട്ട് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിന് ശേഷം പരിക്കേറ്റതോടെ കെ.എല്‍. രാഹുല്‍ ഏറെ നാളായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. പരിക്ക് ഭേദമായി ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കളിക്കാനിരിക്കവെയാണ് താരത്തിന് കൊവിഡ് പിടിപെടുന്നത്.

വരാനിരിക്കുന്ന ഏഷ്യാ കപ്പിന് സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ രോഹിത്തിന്റെ പരിക്കും കെ.എല്‍. രാഹുലിന്റെ അനാരോഗ്യവും വിരാടിന്റെ ഫോം ഔട്ടും ബി.സി.സി.ഐക്ക് തലവേദനയായിരിക്കുകയാണ്.

 

Content highlight: Former Pakistan star Salman Butt about Indian captain Rohit Sharma’s health issues