സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ പോവുന്നത് ഇവന്‍ മാത്രം, ഇവന്‍ 110 സെഞ്ച്വറി നേടും; വമ്പന്‍ പ്രഖ്യാപനവുമായി ഷോയിബ് അക്തര്‍
Sports News
സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ പോവുന്നത് ഇവന്‍ മാത്രം, ഇവന്‍ 110 സെഞ്ച്വറി നേടും; വമ്പന്‍ പ്രഖ്യാപനവുമായി ഷോയിബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st June 2022, 11:16 am

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ പോകുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കുമെന്ന് മുന്‍ പാകിസ്താന്‍ പേസര്‍ ഷോയിബ് അക്തര്‍.

താന്‍ വിരാടിനൊപ്പമാണെന്നും തന്റെ പ്രകടനം കൊണ്ട് വിരാട് എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുമെന്നും അക്തര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് തന്റെ ബാറ്റിംഗില്‍ താളം കണ്ടെത്താനിയിരുന്നില്ല. ഇതിന് പിന്നാലെ വിരാടിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും സീനിയര്‍ ഇന്ത്യന്‍ താരങ്ങളടക്കം രംഗത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അക്തര്‍ വിരാടിനെ പിന്താങ്ങുന്നത്.

‘ഞാന്‍ നിനക്കൊപ്പമാണ് വിരാട്. നീ നിന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോഴേക്കും 110 സെഞ്ച്വറി നേടിയിട്ടുണ്ടാവും. നിന്നെ വിമര്‍ശിക്കുന്നവരുടെയും കുറ്റപ്പെടുത്തുന്നവരുടെയും വായടപ്പിക്കുന്ന മറുപടിയാകുമത്. എനിക്കറിയാം, നീ നിന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്കറിയാം,’ അക്തര്‍ പറയുന്നു.

അന്താരാഷ്ട്ര കരിയറില്‍ 70 സെഞ്ച്വറികളാണ് വിരാട് ഇതുവരെ നേടിയിരിക്കുന്നത്. സച്ചിന്റെ പിന്‍ഗാമി എന്നായിരുന്നു എല്ലാവരും വിരാടിനെ വാഴ്ത്തിപ്പാടിയത്.

വിരാടിന്റെ മോശം ഫോം വിളിച്ചോതുന്ന സീസണ്‍ തന്നെയായിരുന്നു ഇക്കഴിഞ്ഞതും. ഐ.പി.എല്ലില്‍ മോശം പ്രകടനമായിരുന്നു താരം നടത്തിയത്. 2012ന് ശേഷമുള്ള വിരാടിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഐ.പി.എല്‍ 2022ലേത്.

16 മത്സരങ്ങള്‍ കളിച്ച വിരാട് 22.73 ആവറേജില്‍ 341 റണ്‍സ് മാത്രമായിരുന്നു സ്വന്തമാക്കിയത്. രണ്ട് ഫിഫ്റ്റിയും ഇക്കൂട്ടത്തിലുണ്ടായിരുന്നെങ്കിലും, 115.99 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു താരത്തിന്റെ പേരിലുണ്ടായിരുന്നത്. മൂന്ന് ഗോള്‍ഡന്‍ ഡക്കുകളും ഇക്കൂട്ടത്തില്‍ പെടും.

ഐ.പി.എല്ലിന് പിന്നാലെ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് അടക്കമുള്ള പല സീനിയര്‍ താരങ്ങല്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്‍നിര്‍ത്തിയാണ് ഇവര്‍ക്ക് വിശ്രമം അനുവദിച്ചത്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യയുടെ എല്ലാ മത്സരത്തിലും പ്രത്യേകിച്ച് ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലും വിരാട് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Former Pakistan star pacer Shoib Akhthar says Virat Kohli will score 110 centuries