ഫ്രൂട്ട് നിന്‍ജ കളിച്ചോണ്ടിരുന്നവനെ പിടിച്ച് ഇതൊക്കെ ഏല്‍പിച്ചാല്‍ ഇതല്ല ഇതിനപ്പുറം നടക്കും; പാകിസ്ഥാനെ അടപടലം ട്രോളി പാക് സൂപ്പര്‍ താരം
Sports News
ഫ്രൂട്ട് നിന്‍ജ കളിച്ചോണ്ടിരുന്നവനെ പിടിച്ച് ഇതൊക്കെ ഏല്‍പിച്ചാല്‍ ഇതല്ല ഇതിനപ്പുറം നടക്കും; പാകിസ്ഥാനെ അടപടലം ട്രോളി പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd September 2022, 8:33 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റിനെ ട്രോളി മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. ടി-20 ലോകകപ്പിനായി പുറത്തിറക്കിയ പാകിസ്ഥാന്റെ ജേഴ്‌സിയെ ആണ് കനേരിയ പരിഹസിക്കുന്നത്.

ഫ്രൂട്ട് നിന്‍ജയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പാകിസ്ഥാന്റെ പുതിയ ജേഴ്‌സി രൂപകല്‍പന ചെയ്തതെന്നും പാകിസ്ഥാന്റെ ജേഴ്‌സി കാണുമ്പോള്‍ ഫ്രൂട്‌സ് സ്റ്റാളിലേക്ക് നോക്കുന്നതുപോലെയാണെന്നും കനേരിയ പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പാകിസ്ഥാന്റെ കിറ്റിനെ ട്രോളിയത്.

‘പാകിസ്ഥാന്റെ ടി-20 ജേഴ്‌സി ശരിക്കും തണ്ണിമത്തന്‍ പോലെയാണ്. ഫ്രൂട്ട് നിന്‍ജ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവര്‍ക്ക് ജേഴ്‌സിയുണ്ടാക്കാനുള്ള ഇന്‍സ്പിരേഷന്‍ ലഭിച്ചതെന്നാണ് തോന്നുന്നത്.

അവര്‍ ജേഴ്‌സിയില്‍ ഉപയോഗിച്ച നിറങ്ങള്‍ക്ക് പകരമായി ഡാര്‍ക്ക് പച്ചയായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്. ഇതിപ്പോള്‍ ഒരുമാതിരി ഫ്രൂട്ട് സ്റ്റാളില്‍ പോയ പോലെ ഉണ്ട്,’ കനേരിയ പറയുന്നു.

പാകിസ്ഥാന്റെ ജേഴ്‌സിക്കെതിരെ നേരത്തെ തന്നെ സമാനമായ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പാകിസ്ഥാന്റെ പുതിയ ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന പാക് നായകന്‍ ബാബര്‍ അസമിന്റെ ചിത്രം ചോര്‍ന്നതിന് പിന്നാലെയാണ് ആരാധകര്‍ പാകിസ്ഥാന്‍ ജേഴ്‌സിയെ ട്രോളി രംഗത്തെത്തിയത്.

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

 

പരിക്കേറ്റ് പുറത്തായ ഷഹീന്‍ ഷാ അഫ്രിദി ടീമിലേക്കെത്തിയതാണ് പ്രധാന മാറ്റം. ഇതിന് പുറമെ ഫഖര്‍ സമാനെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കുകയും റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചിരുന്നു.

ഒറ്റ അന്താരാഷ്ട്ര ടി-20 മത്സരം പോലും കളിക്കാത്ത ഷാന്‍ മസൂദിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് പാകിസ്ഥാന്റെ സര്‍പ്രൈസ് നീക്കമായാണ് വിലയിരുത്തിപ്പോരുന്നത്.

 

പാകിസ്ഥാന്‍ ടി-20 വേള്‍ഡ് കപ്പ് സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ ഷാ അഫ്രിദി. മസൂദ്, ഉസ്മാന്‍ ഖാദിര്‍.

റിസര്‍വ് താരങ്ങള്‍
ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി

 

 

Content Highlight: Former Pakistan player Danish Kaneria trolls Pakistan T20 World Cup jersey