വിരാടേ സൂക്ഷിച്ചോ, കഴുകന്‍ കണ്ണുകളുമായി സഞ്ജു കാത്തിരിക്കുന്നുണ്ട്; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി സൂപ്പര്‍ താരം
Sports News
വിരാടേ സൂക്ഷിച്ചോ, കഴുകന്‍ കണ്ണുകളുമായി സഞ്ജു കാത്തിരിക്കുന്നുണ്ട്; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th August 2022, 4:41 pm

വരാനിരിക്കുന്ന ഏഷ്യാ കപ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കരിയറില്‍ ഏറ്റവും നിര്‍ണായകമാകുമെന്ന വിലയിരുത്തലുമായി മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. ഏറെ നാളായി ഫോം കണ്ടെത്താന്‍ ഉഴറുന്ന താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആ സ്ഥാനത്തേക്കെത്താന്‍ പല താരങ്ങളും അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ടീമില്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.

‘ഏഷ്യാ കപ്പ് കോഹ്‌ലിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം തന്റെ ഫോം വീണ്ടെടുക്കുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

കോഹ്‌ലി മികച്ച പ്രകടന കാഴ്ചവെച്ചില്ലായെങ്കില്‍ അത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തന്നെയാണ് പല മുന്‍ താരങ്ങളും വിലയിരുത്തുന്നത്. അക്കാരണംകൊണ്ടുതന്നെ എങ്ങനെ പഴയ ഫോമിലേക്ക് മടങ്ങിയെത്താം എന്നായിരിക്കണം വിരാട് കണക്കുകൂട്ടേണ്ടത്.

സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം തന്നെ ടീമിലേക്കെത്താന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്,’ കനേരിയ വിലയിരുത്തുന്നു.

മൂന്നാമനായിട്ടല്ല, നാലാമതായി വേണം കോഹ്‌ലി കളത്തിലിറങ്ങാനെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

‘രോഹിത്തും രാഹുലും തന്നെ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവ് ഇറങ്ങട്ടെ. അതിന് ശേഷമായിരിക്കണം കോഹ്‌ലി ഇറങ്ങേണ്ടത്. കോഹ്‌ലിക്ക് സ്റ്റാന്‍ഡ് ചെയ്യാനും ശ്രദ്ധയോടെ കളിക്കാനും അല്പം സമയം ആവശ്യമാണ്. ഇതുകൊണ്ട് അദ്ദേഹം നാലാമനായി ഇറങ്ങണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ഈ വര്‍ഷം അവസാനം നടക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കൂ.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ വിരാട് ഉള്‍പ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റിനോട് തത്കാലത്തേക്ക് വിട പറഞ്ഞ താരം തിരിച്ചെത്തുന്നത് പുത്തുനുണര്‍വുമായിട്ടായിരിക്കും.

ഏഷ്യാ കപ്പിനിറങ്ങുന്ന വിരാട് കോഹ്‌ലിയെ ഒരിക്കലും കുറച്ചുകാണാന്‍ സാധിക്കില്ല. ഏഷ്യാ കപ്പില്‍ വിസ്പറിങ് ഡെത്താവാന്‍ പൊട്ടെന്‍ഷ്യലുള്ള താരമാണ് വിരാട് എന്നത് അദ്ദേഹത്തിന്റെ ഏഷ്യാ കപ്പ് സ്റ്റാറ്റ്‌സ് വ്യക്തമാക്കുന്നുണ്ട്.

ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നടന്നപ്പോള്‍ പത്ത് ഇന്നിങ്‌സില്‍ നിന്നും 61.3 ശരാശരിയില്‍ വിരാട് അടിച്ചുകൂട്ടിയത് 613 റണ്‍സാണ്. 97.14 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും നേടിയ വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍ 183 ആണ്.

ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റില്‍ നടന്നപ്പോഴാവട്ടെ നാല് ഇന്നിങ്‌സില്‍ നിന്നും 153 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 110.86 സ്‌ട്രൈക്ക് റേറ്റില്‍ ഒരു അര്‍ധസെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

 

Content Highlight: Former Pakistan player Danish Kaneria gives advice to Virat Kohli ahead of Asia Cup