Administrator
Administrator
ജയില്‍ ചാടിയ നേപ്പാള്‍ പൗരന്‍; ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അഭയം തേടിയപ്പോള്‍
Administrator
Thursday 1st October 2009 8:47am

moni-kumar-subbaജനാധിപത്യത്തിന്റെ ശ്രീകോവിലെന്നാണ് ഇന്ത്യന്‍ പാര്‍ലിമെന്റിനെ വിശേഷിപ്പിക്കാറ്. 110 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ ആശയും അഭിലാഷങ്ങളുമാണ് അവിടെ പൂത്തുലയുന്നതെന്നാണ് സങ്കല്‍പം. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ജനതയുടെ ആത്മാവ് കുടികൊള്ളുന്ന പാര്‍ലിമെന്റില്‍ നിന്ന് പുറത്തു വരുന്നത്.

വ്യാജ രേഖകള്‍ ചമച്ചും കൃത്രിമ വിവരങ്ങള്‍ നല്‍കിയും ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ മൂന്ന് തവണ എം പിയായി പാര്‍ലിമെന്റിലെത്തിയിരിക്കുന്നു. നേപ്പാളില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ ചാടി ഇന്ത്യയിലെത്തിയതാണ് ഇയാളെന്നത് സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അതെ ജയില്‍ ചാടി വന്നയാള്‍ക്ക് ഇന്ത്യന്‍ പാര്‍ലിമെന്റ് അഭയം നല്‍കിയിരിക്കുന്നു. ക്രിമിനല്‍ രാഷ്ട്രീയം ഇന്ത്യയില്‍ പുതിയ അനുഭവമൊന്നുമല്ല. എന്നാല്‍ ഏത് ക്രിമിനലുകള്‍ക്കും കീഴില്‍ ഒരു രാഷ്ട്രീയ മണ്ഡലമുണ്ടാകും. അതേസമയം അന്യ രാജ്യത്ത് നിന്നും ജയില്‍ ചാടി വന്ന ഒരാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വര്‍ഷങ്ങളോളം കബളിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കേണ്ടതാണ്.

ആസാമിലെ തേജ്പൂര്‍ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ സുബ്ബക്കെതിരെയാണ് സി.ബി.ഐ മുംബൈ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ എം പിയുടെ പൗരത്വരേഖ വ്യാജമാണെന്നും ഇദ്ദേഹത്തിനെതിരെ കേസ് കേസെടുക്കണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
നേപ്പാളി പൗരനായ ഇയാള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നു. തന്റെ വയസ്, ജനന തീയതി, സ്ഥലം വിദ്യാഭ്യാസ രേഖ എന്നീ കാര്യങ്ങളിലെല്ലാം സുബ്ബ കള്ളം പറഞ്ഞു. ഇയാളെ തിരിച്ചറിയുന്നതില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തിന് കഴിയാതെ പോയെന്നതാണ് ക്രൂരമായ സത്യം.

മോനി രാജ ലിംബോ എന്ന പേരുള്ള ഇയാള്‍ നേപ്പാള്‍ പൗരനാണെന്നും കൊലക്കേസില്‍ പ്രതിയായി തടവില്‍ കഴിയവെ നേപ്പാള്‍ ജയിലില്‍ രക്ഷപ്പെട്ടതാണെന്നും നേരത്തെ സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1973 ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ അതിനു ശേഷം നേപ്പാള്‍ പോലീസിന് പിടികൊടുക്കാതെ ഇന്ത്യയില്‍ കഴിയുകയായിരുന്നു. ഇക്കാലയളവില്‍ ഇയാള്‍ ഇന്ത്യയില്‍ താമസിച്ചതിന് പക്ഷെ രേഖകളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്ന് തവണ എം പിയായി പാര്‍ലിമെന്റിലെത്തിയ ഇയാള്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജനനസ്ഥലവും തീയതിയും വത്യസ്തമായാണ് കാണിച്ചിരിക്കുന്നത്. 12ാം ലോകസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ പത്രികയില്‍ 1951 മാര്‍ച്ച് 16ന് ആസാമിലെ തേജ്പൂരില്‍ ജിച്ചുവെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനനസ്ഥലം ഡാര്‍ജിലിംഗിലെ ദബ്ഗ്രാം ആണ് കാണിച്ചിരിക്കുന്നത്. ജനന തീയതിയാവട്ടെ 1958 മാര്‍ച്ച് 16ഉം. നേരത്തെ ആസാം നിയമസഭയിലേക്കും ഇയാള്‍ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആസാമിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായിരുന്നു സുബ്ബ. 60 കോടിയായിരുന്നു സമ്പത്ത് കാണിച്ചിരുന്നത്. സുബ്ബയെ അയോഗ്യനാക്കണമെന്ന് കാണിച്ച് ജനുവരിയില്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പാര്‍ലിമെന്റംഗത്തെ പുറത്താക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കാണിച്ച് ഹരജി തള്ളുകയായിരുന്നു.’ താന്‍ ഒരു തവണ നിയമസഭയിലേക്കും മൂന്ന് തവണ ലോകസഭിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നെയെങ്ങനെ ഞാന്‍ ഇന്ത്യന്‍ പൗരനല്ലാതിരിക്കും’. പൗരത്വപ്രശ്‌നത്തെക്കുറിച്ച് സുബ്ബയോട് ചോദിച്ചപ്പോഴുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയം എന്നത് എല്ലാ നിയമ സംവിധാനങ്ങളെയും അട്ടമറിക്കാനുള്ള അവസരമാണെന്നാണ് സുബ്ബ പറയുന്നത്.

സുബ്ബക്കെതിരെ ആരോപണമുയര്‍ന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാണ്ടും സ്വീകരിച്ചതെന്നാണ് ഏറെ ആശ്ചര്യകരം. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. നേരത്തെ സി.ബി.ഐ കേസ് അട്ടമിറിക്കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു.

Advertisement