ബംഗാളില്‍ തൃണമൂലിന് തിരിച്ചടി; മമതയുടെ വിശ്വസ്തന്‍ ബി.ജെ.പിയില്‍
national news
ബംഗാളില്‍ തൃണമൂലിന് തിരിച്ചടി; മമതയുടെ വിശ്വസ്തന്‍ ബി.ജെ.പിയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 8:34 pm

ന്യൂദല്‍ഹി: കൊല്‍ക്കത്ത മുന്‍ മേയറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ സൊവാന്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാനികളില്‍ ഒരാളായിരുന്നു സൊവാന്‍ ചാറ്റര്‍ജി.
മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നതില്‍ സൊവാന്‍ ചാറ്റര്‍ജി വലിയ പങ്കുവഹിച്ചിട്ടുണ്ട്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന മുകുള്‍ റോയി വെല്ലുവിളിച്ചതിന് പിന്നാലെയുള്ള ബി.ജെ.പിയുടെ കരുനീക്കമാണിത്.

സൊവാന്‍ ചാറ്റര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് ബൈശാഖി ബാനര്‍ജിയും ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് ഇരുവരും ബി.ജെ.പി നേതാക്കളായ അരവിന്ദ് മേനോനുമായും മുകുള്‍ റോയിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. സൊവാന്‍ ബെഹ്‌ല കിഴക്കന്‍ മണ്ഡലത്തിലെ എം.എല്‍.എയും ബൈശാഖി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.

നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദേബശ്രീറോയിയും അതേസമയം ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേസില്‍ എത്തിയിരുന്നു.
രണ്ട് തവണ മേയറായിരുന്ന സൊവാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു.