ആ തന്ത്രത്തില്‍ സഞ്ജുവും രാജസ്ഥാനും വീഴുമെന്നുറപ്പാണ്; രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കോഹ്‌ലി നടത്തേണ്ട നിര്‍ണായക നീക്കത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
IPL
ആ തന്ത്രത്തില്‍ സഞ്ജുവും രാജസ്ഥാനും വീഴുമെന്നുറപ്പാണ്; രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കോഹ്‌ലി നടത്തേണ്ട നിര്‍ണായക നീക്കത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th April 2022, 11:12 am

ഐ.പി.എല്ലിലെ നാണംകെട്ട തോല്‍വിയില്‍ നിന്നും മുഖം രക്ഷിക്കാനാണ് വിരാട് കോഹ്‌ലിയുടെയും ഫാഫിന്റെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നിറങ്ങുന്നത്. ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സാണ് കോഹ്‌ലിപ്പടയുടെ എതിരാളികള്‍.

അടിത്തറയില്ലാത്ത തോല്‍വിയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് ആര്‍.സി.ബി ഏറ്റുവാങ്ങിയത്. ആ ആഘാതത്തില്‍ നിന്നും കയറാനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനുമാണ് ബെംഗളൂരു ഒരുങ്ങുന്നത്.

ഇപ്പോഴിതാ, രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ നടത്തേണ്ട നിര്‍ണായക നീക്കത്തെ കുറിച്ച് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്.

ഫാഫിനൊപ്പം വിരാട് ഓപ്പണറുടെ റോളില്‍ ബെംഗളൂരുവിന് വേണ്ടി ഇറങ്ങണമെന്നും എങ്കില്‍ മാത്രമേ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ വിരാടിനാവൂ എന്നുമാണ് കൈഫ് വിലയിരുത്തുന്നത്.

‘രാജസ്ഥാനെതിരായ മത്സരത്തില്‍ വിരാട് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. ട്രന്റ് ബോള്‍ട്ടിന്റെ ആദ്യ പന്ത് തന്നെയായിരിക്കണം വിരാട് കളിക്കേണ്ടത്. കുറച്ചു പന്തുകളെ ക്ഷമയോടെ നേരിട്ടതിന് ശേഷമാവണം വലിയ ഷോട്ടുകള്‍ കളിക്കേണ്ടത്,’ കൈഫ് പറയുന്നു.

‘ഇന്ത്യയ്ക്ക് വേണ്ടിയും ബെംഗളൂരുവിന് വേണ്ടിയും കോഹ്‌ലി മുമ്പും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഓപ്പണറുടെ റോളില്‍ വരുമ്പോള്‍ അവന് കളിക്കാന്‍ 20 ഓവറും കിട്ടുന്നു. അവന്റെ തലമുറയിലെ ബാറ്റര്‍മാര്‍ക്ക് അതാവും ഏറ്റവും മികച്ചത് എന്ന് കരുതുന്നു,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

അനുജ് റാവത്താണ് സാധരണയായി ബെംഗളൂരുവിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാറുള്ളത്. എന്നാല്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനോ ഫാഫിനൊപ്പം ചേര്‍ന്ന് മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ താരത്തിനായിട്ടില്ല.

ഈ സാഹചര്യത്തിലാണ് കൈഫ് പുതിയ നിര്‍ദേശവുമായെത്തുന്നത്. ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങുന്ന വിരാടിനും ഈ സീസണില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല.

രാജസ്ഥാനെതിരെ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമടക്കം മികച്ച പ്രകടനം നടത്തി പ്ലേ ഓഫ് സാധ്യതയും ലോകകപ്പ് ടീമിലെ സാന്നിധ്യമാവാനുള്ള സാധ്യതയും നിലനിര്‍ത്തുകയാണ് വിരാടിന്റെ ലക്ഷ്യം.

Content highlight: Former Indian Superstar Muhammed Kaif says Virat Kohli should open with Faf du Plessis