അപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോലും വിരാട് ആഗ്രഹിച്ചിരുന്നില്ല: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
അപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ പോലും വിരാട് ആഗ്രഹിച്ചിരുന്നില്ല: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th August 2022, 5:59 pm

ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോഹ്‌ലി. ഏത് പന്തും വളരെ ലാഘവത്തോടെ നേരിട്ട് ആക്രമിച്ചു കളിക്കുന്ന വിരാടിന് കുറച്ച് കാലങ്ങളായി ശനിദശയാണ് 2019 നേടിയ സെഞ്ച്വറിക്ക് ശേഷം അദ്ദേഹത്തിന് മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

മോശം പ്രകടനങ്ങള്‍ ആവര്‍ത്തിക്കവെ, താരം ഒരു മാസത്തിലേറെയായി വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്.

ഓഗസ്റ്റ് 28 ന് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ അദ്ദേഹം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

വരാനിരിക്കുന്ന ലോകകപ്പിന്റെ ട്രെയ്‌ലറായിട്ടാണ് ഏഷ്യാ കപ്പിനെ കാണാറുള്ളത് അതിനാല്‍ ഏഷ്യാ കപ്പിലെ പ്രകടനം താരത്തിന് വിലപ്പെട്ടതാണ്.

ഒരു മാസത്തിലേറെയായി, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പര്യടനങ്ങളില്‍ മികച്ച വിജയം നേടാന്‍ ടീമിന് കഴിഞ്ഞിരുന്നു. ഏഷ്യാ കപ്പിലും ആ വിജയം ആവര്‍ത്തിക്കാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഇപ്പോഴിതാ, ഇടവേള സമയത്ത് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാന്‍ വിരാട് കോഹ്ലി ആഗ്രഹിച്ചിരുന്നില്ല എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലകനുമായ സഞ്ജയ് ഭാംഗര്‍.

‘വിരാട് ഒരു നീണ്ട ഇടവേള എടുത്ത് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു നിന്നു, ഈ ഇടവേളയില്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാന്‍ പോലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. വിരാടിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തി അദ്ദേഹം ഫോമിലേക്ക് തിരിച്ച് വരണം,’സഞ്ജയ് ഭാംഗര്‍ പറഞ്ഞു.

വിരാട് പുതിയൊരു തുടക്കത്തിന് വേണ്ടിയിട്ടാണ് നീണ്ട ഇടവേള എടുത്തതെന്നും ഭാംഗര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 27നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം 28നുമാണ്

 

Content Highlight: Former Indian star Sanjay Banger about Virat Kohli