'ഈ ലോകകപ്പ് പാകിസ്ഥാനുള്ളത്; അതിന്റെ കാരണമിത്'
Sports News
'ഈ ലോകകപ്പ് പാകിസ്ഥാനുള്ളത്; അതിന്റെ കാരണമിത്'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th November 2022, 5:53 pm

കായിക ലോകം ഇനി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നത് മെല്‍ബണിലേക്കാണ്. ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പുള്ള അവസാന മെഗാ ഇവന്റാണ് നവംബര്‍ 13ന് വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നത്.

ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇവര്‍ രണ്ട് പേരും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തോല്‍പിച്ചുകൊണ്ടായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്.

ഗ്രൂപ്പ് വണ്ണിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് പാകിസ്ഥാനും ഗ്രൂപ്പ് ടുവിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

 

ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബാംഗര്‍. ഫൈനലില്‍ താന്‍ പാകിസ്ഥാനെയാണ് പിന്തുണക്കുന്നതെന്നും അതിന് കാരണം പാകിസ്ഥാന്റെ ശക്തമായ ബൗളിങ് നിരയാണെന്നും ബാംഗര്‍ പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന ഷോയിലായിരുന്നു ബാംഗര്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ പാകിസ്ഥാനെ പിന്തുണക്കും. കാരണം ബൗളര്‍മാര്‍ക്ക് ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ സാധിക്കും. അവിടെയാണ് പാകിസ്ഥാന്‍ മികച്ചുനില്‍ക്കുന്നത്.

ശക്തമായ ബൗളിങ് നിരയാണ് അവര്‍ക്കുള്ളത്. നാല് മികച്ച പേസര്‍മാരും ഒരു റിസ്റ്റ് സ്പിന്നറും അവര്‍ക്കൊപ്പമുണ്ട്. ആവശ്യമെങ്കില്‍ ഒരു ഇടംകയ്യന്‍ സ്പിന്നറെയും അവര്‍ക്ക് കളത്തിലിറക്കാം.

അവര്‍ ആ ഓപ്ഷന്‍ ഉപയോഗിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ആ തരത്തില്‍ ഓള്‍ റൗണ്ട് മികവുള്ള ഷദാബ് ഖാനും അവര്‍ക്കൊപ്പമുണ്ട്. അറ്റാക്കിങ് ഗെയിമിനൊപ്പം ചില സമയങ്ങളില്‍ റിവേഴ്‌സ് സ്വിങ്ങും അവന്‍ കളിക്കുന്നത് നമ്മള്‍ കണ്ടതാണ്.

ഈ നിമിഷത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനേക്കാള്‍ അല്‍പം മുന്നിലാണെന്നാണ് എനിക്ക് തോന്നുന്നത്,’ ബാംഗര്‍ പറഞ്ഞു.

മികച്ച ഫോമിലാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ കളിക്കുന്നതെന്നും ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവരാണ് തന്റെ ടീമിന്റെ കരുത്തെന്നും പാക് നായകന്‍ ബാബര്‍ അസം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ സ്‌ട്രോങ് ഹോള്‍ഡ്. സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുത്ത ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കുകയാണെങ്കില്‍ ഫൈനലില്‍ തീ പാറും.

 

Content Highlight: Former Indian star Sanjay Bangar backs Pakistan to win the world cup