ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യക്ക് തുണയാകുമെങ്കിലും മറ്റൊരാള്‍ക്ക് അത് പണിയാകും; നിരീക്ഷണവുമായി സൂപ്പര്‍ താരം
Sports News
ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യക്ക് തുണയാകുമെങ്കിലും മറ്റൊരാള്‍ക്ക് അത് പണിയാകും; നിരീക്ഷണവുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th December 2022, 10:39 am

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കെ ലഭിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 150 റണ്‍സിന് ഓള്‍ ഔട്ടാക്കി നേടിയ വമ്പന്‍ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സിന് രണ്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ 513 റണ്‍സിന്റെ വമ്പന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ യുവതാരം ശുഭ്മന്‍ ഗില്ലിന്റെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത്. ഗില്‍ 152 പന്തില്‍ നിന്നും 110 റണ്‍സ് നേടിയപ്പോള്‍ പൂജാര 130 പന്തില്‍ നിന്നും 13 ബൗണ്ടറികളുടെ അകമ്പടിയോടെ 102 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശുഭ്മന്‍ ഗില്ലിന്റെ ഈ സെഞ്ച്വറി ഇന്ത്യക്ക് ഗുണമാകുമെങ്കിലും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന് പണിയാകുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.

രാഹുലിന്റെ നിലവിലെ ഫോമില്‍ അടുത്ത മത്സരത്തില്‍ താരം ടീമിനൊപ്പം ഉണ്ടാകാനുള്ള സാധ്യതയാണ് ഗില്ലിന്റെ സെഞ്ച്വറിയോടെ ഇല്ലാതായിരിക്കുന്നതെന്നും ചോപ്ര പറഞ്ഞു.

ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സ് നേടിയ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സായിരുന്നു നേടിയത്.

‘കെ.എല്‍. രാഹുല്‍ രണ്ട് തവണ പരാജയപ്പെട്ടിരിക്കുകയാണ്. അവനൊരു മികച്ച താരം തന്നെയാണ്, എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം രാഹുലിന്റെ സ്ഥാനത്തിന് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതിനാല്‍ തന്നെ ആരാവും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തുപോകേണ്ടി വരിക? ഗില്‍ അവന്റെ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ അവന്‍ ബാറ്റ് ചെയ്ത രീതി പരിശോധിക്കുമ്പോള്‍ അവനെ ടീമിന് പുറത്തിരുത്തുന്നത് പ്രയാസകരമായ കാര്യമായിരിക്കും,’ ചോപ്ര പറഞ്ഞു.

അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 93 റണ്‍സ് എന്ന നിലയിലാണ്.

420 റണ്‍സാണ് ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ബംഗ്ലാദേശിന് ആവശ്യമായുള്ളത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിനാവല്‍ ഇന്ത്യക്ക് മുഖം രക്ഷിക്കാന്‍ ടെസ്റ്റ് പരമ്പര ജയിച്ചേ മതിയാകൂ. ഇതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യത സജീവമാക്കാനും ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

 

Content Highlight: Former Indian star Akash Chopra says Shubman Gill’s century will be a problem for KL Rahul