ക്രിക്കറ്റ് ട്രയല്‍സിനിടെ മുന്‍ ഇന്ത്യന്‍ താരം അമിത് ഭണ്ഡാരിയ്ക്ക് നേരെ ആക്രമണം; തലയ്ക്കും കാലിനും പരിക്ക്
Crime
ക്രിക്കറ്റ് ട്രയല്‍സിനിടെ മുന്‍ ഇന്ത്യന്‍ താരം അമിത് ഭണ്ഡാരിയ്ക്ക് നേരെ ആക്രമണം; തലയ്ക്കും കാലിനും പരിക്ക്
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 6:04 pm

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പേസ് ബൗളറും ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ അമിത് ഭണ്ഡാരിയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ദല്‍ഹിയില്‍ കശ്മീരി ഗേറ്റിനടുത്ത് വെച്ച് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളുമായാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്.

മുഷ്താഖ് അലി അണ്ടര്‍ 23 ട്രോഫിയ്ക്ക് വേണ്ടിയുള്ള ദല്‍ഹി ടീമിനായുള്ള സെലക്ഷനിടെയാണ് സംഭവം. സെലക്ഷന്‍ ലഭിക്കാതിരുന്ന ഒരു കളിക്കാരന്‍ ഭണ്ഡാരിയെ വന്ന് ചോദ്യം ചെയ്യുകയും പിന്നീട് മൂന്നോളം പേര്‍ കൂട്ടത്തോടെ അടിക്കുകയുമായിരുന്നു.

തലയ്ക്കും കാലിനും പരിക്കേറ്റ ഭണ്ഡാരിയുടെ ശരീരത്തില്‍ ഏഴ് തുന്നുകളിടേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.

ഡി.ഡി.സി.എ (Delhi and District Cricket Association) സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ഭണ്ഡാരിയ്ക്ക് ദല്‍ഹിയില്‍ സ്വന്തമായി ക്രിക്കറ്റ് അക്കാദമിയും ഉണ്ട്.

സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ മത്സരം കണ്ടുകൊണ്ടിരുന്ന ഭണ്ഡാരിയെ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരന്റെ ഗുണ്ടകളാണ് ആക്രമിച്ചതെന്നും പ്രതികള്‍ രക്ഷപ്പെടില്ലെന്നും ഡി.ഡി.സി.എ അദ്ധ്യക്ഷന്‍ രജത് ശര്‍മ്മ പറഞ്ഞു.