കച്ചത്തീവിനെ ആയുധമാക്കല്‍; ബൂമറാങ് പോലെ ഇന്ത്യയെ തിരിച്ചടിക്കുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍
national news
കച്ചത്തീവിനെ ആയുധമാക്കല്‍; ബൂമറാങ് പോലെ ഇന്ത്യയെ തിരിച്ചടിക്കുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 10:23 am

ചെന്നൈ: കച്ചത്തീവിനെ ആയുധമാക്കി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. തെരഞ്ഞെടുപ്പില്‍ കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നത് ബൂമറാങ് പോലെ ഇന്ത്യയെ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.

കച്ചത്തീവ് രാഷ്ട്രീയ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും ചൂണ്ടിക്കാട്ടി.

കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വരുത്തുന്നത് നല്ലതല്ലെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയും അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഇവര്‍ വ്യക്തമാക്കി.

കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം. 115 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കച്ചത്തീവ് ദ്വീപ്കോണ്‍ഗ്രസ്ശ്രീലങ്കക്ക് നിസാരമായി കൈവിട്ടു കൊടുത്തതിനെ കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചരണം.

എന്നാല്‍ മോദിയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരുന്നു.കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് കച്ചത്തീവ് വിഷയം മോദി പ്രചരണ ആയുധമാക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

1974ല്‍ കച്ചത്തീവ് ദ്വീപില്‍ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാന്‍ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും ആയുധമാക്കിയിരിക്കുന്നത്.

അതേസമയം കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ല്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ്. ജയശങ്കര്‍ നല്‍കിയ മറുപടി കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആയുധമാക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ശ്രീലങ്ക അറിയിച്ചു. ആവശ്യമുണ്ടായാല്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കുമെന്ന് ശ്രീലങ്കന്‍ നേതൃത്വം പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Former foreign secretaries have warned against campaigning in Tamil Nadu using Katchathiv as a weapon