അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. പരിക്കിന് പിന്നാലെ മെസിക്ക് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കൊപ്പമുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഈ പരിക്ക് മെസിയുടെ അര്‍ജന്റീന ടീമിനൊപ്പമുള്ള ഭാവിയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ചിലി താരം മിഗ്വല്‍ എഞ്ചല്‍ നീര.
‘മെസി ഇനി കളിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്ന ഏറ്റവും മോശം കാര്യം എന്തെന്നാല്‍ അദ്ദേഹം ടീമിന്റെ ഫസ്റ്റ് ഇലവന്റെ ഭാഗമാവില്ല എന്നാണ്. ആ സമയങ്ങളില്‍ മെസിയേക്കാള്‍ മികച്ച ഏതെങ്കിലും ഒരു താരം കളിക്കും. കോപ്പ അമേരിക്കയില്‍ നമ്മള്‍ അത് കണ്ടതാണ്. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കായി മെസിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മത്സരങ്ങളില്‍ റഫറിമാര്‍ മെസിയെ നന്നായി സഹായിച്ചു,’ മുന്‍ ചിലി താരം ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോപ്പ അമേരിക്കയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഒരു ഗോളും അസിസ്റ്റും മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളില്‍ അര്‍ജന്റീന ചാമ്പ്യന്മാരാവുകയായിരുന്നു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടനേട്ടമായിരുന്നു ഇത്.
കോപ്പ അമേരിക്ക ചരിത്രത്തിലെ അര്‍ജന്റീനയുടെ 16ാംകിരീടമായിരുന്നു ഇത്. 15 ട്രോഫികള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ട് ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും അര്‍ജന്റീനക്ക് സാധിച്ചു.
സെപ്റ്റംബര്‍ 14ന് ഫിലാഡല്‍ഫിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്റര്‍ മയാമി ലീഗ്‌സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗ്‌സ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും ഇനി ഇന്റര്‍മയാമിയുടെ മുന്നിലുണ്ടാവുക.
നിലവില്‍ എം.എല്‍.എസില്‍ 27 മത്സരങ്ങളില്‍ നിന്നും 18 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 59 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.
Content Highlight: Former Chile Player Talks About Lionel Messi Injury