'ഒരു നിമിഷം നിശബ്ദനായി, അച്ഛന്റെ കണ്ണുകള്‍ നനഞ്ഞു'; കോടിയേരിയുടെ നിര്യാണമറിഞ്ഞ വി.എസിന്റെ പ്രതികരണം പങ്കുെവച്ച് മകന്‍
Kerala News
'ഒരു നിമിഷം നിശബ്ദനായി, അച്ഛന്റെ കണ്ണുകള്‍ നനഞ്ഞു'; കോടിയേരിയുടെ നിര്യാണമറിഞ്ഞ വി.എസിന്റെ പ്രതികരണം പങ്കുെവച്ച് മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 11:23 pm

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍. മകന്‍ അരുണ്‍കുമാറാണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. ‘അനുശോചനം അറിയിക്കണം’ എന്നു മാത്രം പറയുകയും ചെയ്തു’, അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2001ല്‍ പ്രതിപക്ഷ ഉപനേതാവും, 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു കോടിയേരി.

അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ അനുശോചനമറിയിച്ചു.

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സഹോദരതുല്യനല്ല മറിച്ച് സ്വന്ത് സഹോദരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗത്തിനു മുമ്പിലും രാഷ്ട്രീയ വെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ നെഞ്ചു വിരിച്ചു പൊരുതിയ ജീവിതമാണ് സഖാവിന്റേത്. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി കുറിച്ചു.

സമത്വം, നീതി, വിമോചനം എന്നിവയെ മാനിക്കുന്ന വിഭാഗീയ-മത വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്നും സീതാറാം യെച്ചൂരി അനുശോചിച്ചു. ചൂഷണരഹിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിനായി അക്ഷീണം പ്രയത്‌നിനിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

തത്വങ്ങളുടെ നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍. ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിന്‍ പറഞ്ഞു.

വി.എ. അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. ‘അനുശോചനം അറിയിക്കണം’ എന്നു മാത്രം പറയുകയും ചെയ്തു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു.

അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Content Highlight: Former Chief Minister VS Achuthanandan Reaction on Kodiyeri balakrishnan’s Death