നാര്‍കോട്ടിക് ജിഹാദും ലവ് ജിഹാദും മാത്രമല്ല, പീഡിയാട്രിക് ജിഹാദും കേരളത്തിലുണ്ട് ; ബി.ജെ.പി നേതാവ്
Kerala News
നാര്‍കോട്ടിക് ജിഹാദും ലവ് ജിഹാദും മാത്രമല്ല, പീഡിയാട്രിക് ജിഹാദും കേരളത്തിലുണ്ട് ; ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th May 2022, 8:34 pm

കൊച്ചി: നാര്‍കോട്ടിക് ജിഹാദിനും, ലവ് ജിഹാദിനും പുറമേ കേരളത്തില്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് ബി.ജെ.പി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു.

‘കല്ലറങ്ങാട്ട് പിതവ് പറഞ്ഞതുപോലെ കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദും, ലവ് ജിഹാദും, ഇപ്പോള്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി.സി. ജോര്‍ജിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയ്‌ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലായെന്നും നോബിള്‍ മാത്യു ചോദിച്ചു.

‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്ന’ പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ക്കെതിരെയായിരുന്നു നോബിള്‍ മാത്യുവിന്റെ പീഡിയാട്രിക് ജിഹാദ് പരാമര്‍ശം.

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിനിടെ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ‘നാര്‍കോട്ടിക് ജിഹാദ് ‘ എന്ന പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്നും കത്തോലിക്ക യുവാക്കളില്‍ മയക്ക്മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ് ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ട്.

ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംഭവത്തില്‍ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

നാര്‍കോട്ടിക്ക് ജിഹാദ് പരാമര്‍ശം ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നും ലവ് ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Former BJP Kottayam district president Noble Mathew said that besides narcotics jihad and love jihad, there is also pediatric jihad in Kerala