അശ്വിന്‍ രാജ്
അശ്വിന്‍ രാജ്
Environment
രണ്ട് മാസം 567 തീപിടുത്തങ്ങള്‍; അന്തരീക്ഷത്തില്‍ ജലാംശം ക്രമാതീതമായി കുറയുന്നു; കേരളം കാട്ടുതീ ഭീഷണിയില്‍
അശ്വിന്‍ രാജ്
Monday 25th February 2019 2:48pm

രണ്ട് മാസത്തിനിടെ 567 തീപിടുത്തങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. ഇതില്‍ ഏറിയ പങ്കും മലയോര മേഖലകളിലാണ്. ഫെബ്രുവരി അവസാനാഴ്ചക്കിടെ മൂന്നിലധികം സ്ഥലത്താണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതിനിടയ്ക്കാണ് കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസത്തിനിടയ്ക്ക് കേരളത്തില്‍ ഉണ്ടായ മൊത്തം തീപിടുത്തത്തിന്റെ കണക്കും പുറത്തുവരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയനാട് ബാണാസുര മലയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടില്‍ നിന്നും പടര്‍ന്ന തീ മലയുടെ താഴ് വാരത്ത് എത്തുകയും ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പടരുകയും ചെയ്തിട്ടുണ്ട്.

മുതുമലയിലും ബന്ദിപൂര്‍ വനമേഖലയിലും തീപിടുത്തം ഉണ്ടായിരുന്നു. ഹെക്ടര്‍ കണക്കിന് വനമാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇതിന് പുറമേ വയനാട്ടിലെ തലപ്പുഴ മുനീശ്വരന്‍ കുന്ന്, തലപ്പുഴ ഹൈസ്‌ക്കൂള്‍ പരിസരം എന്നിവടങ്ങളിലും തീപിടുത്തം ഉണ്ടായി.

ഇടുക്കി ജില്ലയില്‍ മാത്രം കഴിഞ്ഞ 55 ദിവസം 190 തീപിടുത്തങ്ങളാണ് ഉണ്ടായതെന്നാണ് നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫോംസ് പുറത്തുവിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വാഷിങ്ടന്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രോജക്ട് അസോഷ്യേറ്റായ രാജ് ഭഗത് ആണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.

പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത് 118 തീപിടുത്തമാണ് ജില്ലയില്‍ ഉണ്ടായത്. തൃശ്ശൂര്‍ 74, വയനാട് 67, കോട്ടയം 26, മലപ്പുറം 23 എന്നിങ്ങനെ യഥാക്രമം തീപിടുത്തം ഉണ്ടായി.

എന്നാല്‍ ഇതില്‍ പലതും ജനവാസ കേന്ദ്രങ്ങളില്‍ ഉണ്ടായ തീപിടുത്തമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1278.95 ഹെക്ടര്‍ വനം കത്തി നശിച്ചെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് തീപിടുത്തത്തിന് കാരണം

കേരളം അന്തരീക്ഷം താപനില

പ്രധാനമായും കാലാവസ്ഥ തന്നെയാണ് ജനവാസ കേന്ദ്രങ്ങളിലെയും കാടുകളിലെയും തീപിടുത്തത്തിന് പ്രധാന കാരണമാകുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ അന്തരീക്ഷത്തിലെ ജലാംശം കുറഞ്ഞതും ചൂടുകാറ്റും തീപിടുത്തത്തിന് ആക്കം കുട്ടുന്നത്. കേരളത്തില്‍ നിലവിലെ കാലാവസ്ഥയനുസരിച്ച് എളുപ്പം തീപിടിക്കുന്ന കാലാവസ്ഥയാണുള്ളത്.

മധ്യ ഇന്ത്യയില്‍ രൂപപ്പെട്ട അതിമര്‍ദ മേഖലയാണ് കേരളത്തില്‍ സാധരണയില്‍ കവിഞ്ഞ വരണ്ട കാലാവസ്ഥയുണ്ടാകാവന്‍ കാരണമെന്ന് കേരള വെതര്‍ എന്ന വെബ് സൈറ്റില്‍ പറയുന്നുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ നിന്നുള്ള കാറ്റം അന്തരീക്ഷത്തിലെ ജലാംശം കുറയ്ക്കുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് ഉണങ്ങിയ മരങ്ങള്‍ കൂട്ടി ഉരുതിയും തീപിടുത്തം ഉണ്ടാകുന്നുണ്ട്. ഇതിന് പുറമേ മനുഷ്യരുടെ കടന്നു കയറ്റവും തീപിടുത്തത്തിന് കാരണമാകുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തീപടരുന്നതും കാടുകളില്‍ മനുഷ്യര്‍ തീ വെയ്ക്കുന്നതും വലിയ കാട്ടുതീക്ക് കാരണമാകുന്നുണ്ട്.

കേരളം ഫെബ്രുവരി 25 സാറ്റ് ലെെറ്റ് ചിത്രം

അതീവ ജാഗ്രതയോടെ വനം വകുപ്പ്

കാറ്റിന്‍റെ ഗതി

വിവിധ സ്ഥലങ്ങളില്‍ തീപിടുത്തം നിത്യ സംഭവമായതോടെ വനം വകുപ്പ് അതിവ ജാഗ്രതയിലാണ്. പലപ്പോഴും തീ ഉണ്ടായി കഴിഞ്ഞ് വനം വകുപ്പിന് അവിടെ എത്താന്‍ സാധിക്കാന്‍ കഴിയാറില്ല. തീ പടര്‍ന്ന് പിടിക്കുന്നതും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതുമാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴും ഫയര്‍ ഫോഴ്‌സാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നത്. ചെറിയ തീപിടുത്തം ഉണ്ടാകുമ്പോള്‍ തന്നെ വനം വകുപ്പിന് നിയന്ത്രിക്കാനുള്ള സാധ്യതകള്‍ വന്നാല്‍ ഒരു പരിധിവരെ കാട്ടു തീ തടയാം.

കാട്ടുതീയില്‍ ഏറിയ പങ്കും മനുഷ്യ നിര്‍മ്മിതമാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങളെ കൂടി ചേര്‍ത്ത് ആന്റി ഫയര്‍ സ്വ്ക്വാഡ് രൂപവല്‍ക്കരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം ഇതിന് തുടക്കമെന്നോണം വയനാട്ടില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഫയര്‍ ലൈന്‍ സ്ഥാപിക്കാനും ഫയര്‍ വാച്ച്മാന്‍മാരെ നിയമിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തീ പിടുത്തം ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ തടയാനായി ഫയര്‍വാച്ചര്‍മാര്‍ക്ക് തീ തടയാനുള്ള ലഘുയന്ത്രങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവ നല്‍കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞിട്ടുണ്ട്.
DoolNews Video

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement