മുസ്‌ലിം സ്ത്രീകളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ സൈബര്‍ ശാഖകളുടെ ശ്രമം; തങ്ങള്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രഖ്യാപിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് സഫൂറ സര്‍ഗാര്‍
national news
മുസ്‌ലിം സ്ത്രീകളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ സൈബര്‍ ശാഖകളുടെ ശ്രമം; തങ്ങള്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രഖ്യാപിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് സഫൂറ സര്‍ഗാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 9:46 am

ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്‍പ്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത ആപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ പ്രക്ഷോഭ സമരത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി സഫൂറ സര്‍ഗാര്‍.

പൊതുരംഗത്ത് സജീവമായ സ്ത്രീകളെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ സൈബര്‍ ശാഖകള്‍ പടച്ചുവിട്ട നീക്കത്തിനെതിരെ ദല്‍ഹി പൊലീസും വനിത കമ്മീഷനും രംഗത്തുവന്നിട്ടും പ്രഖ്യാപിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞു. മാധ്യമം പത്രത്തിലായിരുന്നു സഫൂറയുടെ പ്രതികരണം.

തങ്ങള്‍ക്കെതിരെ മനുഷ്യത്വരഹിത സമീപനമാണുണ്ടായത്. ഈ ദുരുപയോഗം നടന്നത് തങ്ങളുടെ മതത്തിന്റെ പേരിലാണെന്നും സ്ത്രീകളായതുകൊണ്ടാണ് അക്രമം നേരിടേണ്ടിവന്നതെന്നും സഫൂറ പറഞ്ഞു.

ചിലര്‍ ഇപ്പോഴും തങ്ങളുടെ ചെയ്തികളെ കുറ്റപ്പെടുത്തുകയാണ്. ഇതിനു പകരം ഞങ്ങളുടെ ശരീരങ്ങളിലേക്കും ഇടങ്ങളിലേക്കും കടന്നുകയറാന്‍ ശ്രമിക്കുന്ന ക്രിമിനലുകള്‍ക്കെതിരെ നിരുപാധികം എതിര്‍പ്പുയര്‍ത്തുകയാണ് വേണ്ടത്. അതിനു പറ്റില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും അവര്‍ പറഞ്ഞു.

‘ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എന്റെ ചിത്രങ്ങള്‍ കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരിടത്തും പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങള്‍. ചില പടങ്ങള്‍ എന്റെ വീഡിയോ അഭിമുഖങ്ങളില്‍ നിന്ന് മുറിച്ചെടുത്തതാണ്.

മുസ്‌ലിം സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യേണ്ടെന്ന ഉപദേശവുമായി കുറെ ഗുണകാംക്ഷികള്‍ വരുന്നതുകണ്ടു.
പ്രസംഗിക്കുമ്പോള്‍, കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും പടം പിടിക്കില്ല എന്ന് ഉറപ്പുണ്ടോ എന്നാണ് അവരോട് പറയാനുള്ളത്. ഇങ്ങനെ ഉപദേശിക്കുന്നവര്‍, ഞങ്ങളുടെ ജോലികള്‍ ഒഴിവാക്കണം, ഷോപ്പിങ്ങിനു പോകുന്നത് നിര്‍ത്തണം എന്നാണോ പറയുന്നത്,’ സഫൂറ സര്‍ഗാര്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത ആപ്പിനെതിരെ കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സുള്ളി ഡീല്‍സ് എന്ന ആപ്പിലാണ് രാജ്യത്തെ മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമടക്കം മോഷ്ടിച്ച് വില്‍പ്പനയ്ക്കുവെച്ചത്.

മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരുന്നത്. ഇതിനുപിന്നാലെയാണ് സഫൂറ സര്‍ഗാറിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: safoora zargar Responds to ‘Sulli Deals’ app that stole, ‘auctioned’ photos of Muslim women