എഡിറ്റര്‍
എഡിറ്റര്‍
പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിക്കണമെന്ന് ഫൊകാസ
എഡിറ്റര്‍
Thursday 5th June 2014 4:20pm

fokas

റിയാദ്: കേന്ദ്ര പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിക്കണമെന്ന് സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സംഘടനയായ ഫൊക്കാസ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നല്‍കി.

2004ല്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് രൂപീകരിക്കുന്നതുവരെ വിദേശത്ത് പണിയെടുക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടി മാത്രമായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലായിരുന്നെന്നും എന്നാല്‍ പ്രസ്തുത വകുപ്പ് നിലവില്‍ വന്നതിന് ശേഷം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും ഫൊകാസ ചൂണ്ടികാട്ടി.

ഇന്ത്യന്‍ മിഷനുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി (ഐ.സി.ഡബ്യു.എഫ്), എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരെ ഉദ്ദേശിച്ചുള്ള നിര്ബന്ധിത ചികിത്സാ അപകട സുരക്ഷാ പദ്ധതിയായ പ്രവാസി ഭാരതീയ ഭീമ യോജന, സര്‍ക്കാരിന്റെ കൂടി ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപപെന്‍ഷന്‍ പദ്ധതിയായ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന, വിദേശത്ത് ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെടുകയോ വിവാഹ മോചിതരോ ആകുന്ന ഇന്ത്യന്‍ സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതി, പാവപ്പെട്ട പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭാസത്തിനായുള്ള സഹായ പദ്ധതി, തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികള്‍ പ്രവാസികാര്യ വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം വളരെ ബൃഹത്തായ വിദേശകാര്യ വകുപ്പിന്റെ കീഴില്‍ പ്രവാസികാര്യ വകുപ്പ് വരുന്നതോടുകൂടി വിദേശകാര്യ മന്ത്രിക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതെ വരുകയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യുമെന്നാണ് ഫൊകാസ കത്തില്‍ ഉന്നയിക്കുന്നത്.

പ്രധാനമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ പതിയണമെന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊന്ദിരിക്കുന്നതുമായ 25 ദശലക്ഷം വിദേശ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി ക്യാബിനറ്റ് മന്ത്രിയെയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെയോ പ്രവാസികാര്യ മന്ത്രിയായി നിയമിക്കണമെന്നും ഫൊകാസ അപേക്ഷിച്ചു.

Advertisement