ബാഡ്മിന്റണ്‍ മത്സരത്തിലെ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
national news
ബാഡ്മിന്റണ്‍ മത്സരത്തിലെ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 2:03 pm

ഭോജ്പൂര്‍: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ബിഹാറിലെ അരാ ജില്ലയിലാണ് സംഭവം.

ചില യുവാക്കള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഭോജ്പൂരിലെ ചാണ്‍ടി ഗ്രാമത്തിലുള്ള അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു സംഘം യുവാക്കള്‍ ബാഡ്മിന്റണ്‍ മത്സരത്തിലെ തങ്ങളുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

രണ്ട് പേര്‍ ട്രോഫി ഏറ്റുവാങ്ങുന്നതും തുടര്‍ന്ന് എല്ലാവരും പാക് അനുകൂല മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

‘ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിക്കുകയും അത് യാഥാര്‍ത്ഥ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. വീഡിയോയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. അവരുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്,’ ഭോജ്പൂര്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും, സംഭവത്തിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ വീഡിയോ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: Five arrested for raising pro-Pakistan slogans after badminton match in Bihar’s Bhojpur