വീണ്ടും രക്ഷകരായി മത്സ്യത്തൊഴിലാളികള്‍; ഇത്തവണ സ്‌പെഷ്യല്‍ ടീം; സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം
Heavy Rain
വീണ്ടും രക്ഷകരായി മത്സ്യത്തൊഴിലാളികള്‍; ഇത്തവണ സ്‌പെഷ്യല്‍ ടീം; സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം
ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 1:19 pm

കോഴിക്കോട്: കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ വീണ്ടും രക്ഷകരായി കേരളത്തിന്റെ സ്വന്തം സൈന്യം. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തത്തില്‍ സര്‍ക്കാരിന് ഒപ്പം നിന്നാണ് മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിന് കൈത്താങ്ങാവുന്നത്.

ദുരന്തമുഖങ്ങളില്‍ ഇപ്പോള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നത് ഇവരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ ഒരേമനസോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്.

ദുരന്തം ഉണ്ടായതു മുതല്‍ ജില്ല ഭരണകൂടത്തിന്റെ ആവശ്യം വന്നതോടെ കയ്യിലുണ്ടായിരുന്ന ബോട്ടുകളുമായി സംഘടനകളും മതസ്ഥാപനങ്ങളും മുന്നോട്ടുവരികയായിരുന്നു.

ഇതനിടെ അഗ്നിരക്ഷ സേനയും അഞ്ചോളം വള്ളങ്ങള്‍ ദുരന്തമുഖത്തേക്ക് അയച്ചു. വലിയ വള്ളങ്ങള്‍ പോകുതിനേക്കാള്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നതിനാല്‍ ആദ്യ ദിവസം തന്നെ ഇവരുടെ സേവനം അവശ്യമായി മാറി.

ചെറുവള്ളങ്ങള്‍ ലോറികളില്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും മുഴുവന്‍ സമയവും ജനങ്ങളെ രക്ഷിക്കാന്‍ രംഗത്തുള്ളത്.

ഫിഷറീസ് വകുപ്പിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരായെത്തിയത് 579 മത്സ്യത്തൊഴിലാളികളാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിവരെ ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും സംയുക്തമായി 710 പേരെ രക്ഷിച്ചതായി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ (80) സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍നിന്നാണ്.

സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളില്‍ (180 പേര്‍) ഏറ്റവും കൂടുതല്‍ പേര്‍ ആലപ്പുഴയില്‍ നിന്നാണ്. മലപ്പുറത്ത് നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേരെ രക്ഷിച്ചത്.

ആലുവ, ഏലൂര്‍, പറവൂര്‍ മേഖലകളിലാണ് എറണാകുളത്ത് നിന്നുള്ള വള്ളങ്ങള്‍ നിയോഗിച്ചിരുന്നത്. തൃശൂരില്‍ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂര്‍, മാള, പാലക്കാട് മേഖലകളിലേക്കാണ് നിയോഗിച്ചിരിക്കുന്നത്.

മലപ്പുറത്ത് നിന്നുള്ളവരെ നിലമ്പൂര്‍, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ് നിയോഗിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്നുള്ളവര്‍ ബേപ്പൂര്‍, താമരശ്ശേരി, വാഴൂര്‍, ചാലിയം, ഫെറൂഖ്, മാവൂര്‍, ഒളവണ്ണ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്.

ദേശീയ ദുരന്ത പ്രതികരണ സേന പകച്ചുനിന്നയിടത്തുപോലും മറ്റൊരു സുരക്ഷമുമൊരുക്കവുമില്ലാതെ അക്ഷീണപ്രയത്നമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്. ഇവരുടെ പരിചയ സമ്പത്ത് ദുരന്തലഘൂകരണത്തില്‍ വലിയൊരളവോളം ഗുണം ചെയ്തു.

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം ഏറെ ഗുണമായി. കഴിഞ്ഞ മൂന്നു ദിവസമായി ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നു. വളരെ ഒഴുക്കുള്ള പ്രദേശങ്ങളില്‍ പോലും ഇവരുടെ പ്രവര്‍ത്തനം വളരെ സഹായകമായി. സ്വന്തം ചെലവില്‍ ഇന്ധനം നിറച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

രക്ഷാപ്രവര്‍ത്തനത്തിനൊപ്പം കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ക്യാമ്പുകളില്‍ എത്തിക്കുതിനും ഇവര്‍ മുന്നില്‍ നില്‍ക്കുന്നു.

32 വള്ളങ്ങളുമായി കോഴിക്കോട്ടെ തീരപ്രദേശങ്ങളില്‍ നിന്നുള്ള 170 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ചാലിയം, ബേപ്പൂര്‍, കോതി, വെള്ളയില്‍, പുതിയാപ്പ, എലത്തൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള 140 മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പാടാക്കിയ 22 വള്ളങ്ങളില്‍ നിലമ്പൂര്‍, മാവൂര്‍, വയനാട് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

സൗത്ത് ബീച്ച് ഭാഗത്തെ കോതി, നൈനാംവളപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള 30 മത്സ്യത്തൊഴിലാളികള്‍ എന്‍ജിന്‍ ഘടിപ്പിച്ച 10 ഫൈബര്‍ വള്ളങ്ങളുമായി ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയ ലോറികളില്‍ പുലര്‍ച്ചെ മൂന്നോടെ കൊടിയത്തൂരിലേക്കു പോയി.

വെള്ളയില്‍, പുതിയാപ്പ, എലത്തൂര്‍, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നു 40 മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കുറ്റ്യാടി, നിലമ്പൂര്‍, പനമരം എന്നിവിടങ്ങളിലേക്കും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനു പുറപ്പെട്ടു.

കണ്ണൂര്‍ നിന്നുള്ള വള്ളങ്ങള്‍ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂര്‍, മയ്യില്‍, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

വയനാട് നിന്നുള്ള വള്ളങ്ങള്‍ വൈത്തിരിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പാലക്കാട് നിന്നുള്ള വള്ളങ്ങള്‍ ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താന്‍ തയാറായി നില്‍ക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

മന്ത്രി ജി.സുധാകരന്‍ അവലോകനയോഗത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം എടുത്തുപറഞ്ഞിരുന്നു. കളക്ട്രേറ്റിലെത്തി രജിസ്റ്റര്‍ ചെയ്തിട്ടാണ് കുറേ വള്ളങ്ങള്‍ പോയത്. എന്നാല്‍ ഇതല്ലാതെ പലഭാഗങ്ങളില്‍ നിന്നും സ്വമേധയാ പ്രവര്‍ത്തനത്തിനെത്തിയവരുമുണ്ട്.

 

ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു.

തിരുവനന്തപുരം – 0471-2450773, 2480335, 9496007026.

കൊല്ലം- 0474-2792850, 9496007027.

പത്തനംതിട്ട – 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം – 0481-2566823, 9446379027.

ഇടുക്കി – 0486-9222 326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂര്‍ – 0487-2441132, 9496007030.

പാലക്കാട് – 9074326046, 9496007050.

മലപ്പുറം – 0494-2666428, 9496007031.

കോഴിക്കോട്- 0495-2383780, 2414074, 9496007032.

വയനാട്- 0493-6255214, 9496387833.

കണ്ണൂര്‍ – 0497-2732487, 9496007033.

കാസര്‍കോട് – 0467-2202537, 9496007034.

അടിയന്തര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.