വിഴിഞ്ഞത്ത് പൊലീസ് ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്, കള്ളക്കേസുകള്‍ പിന്‍വലിക്കണം: മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി
Kerala News
വിഴിഞ്ഞത്ത് പൊലീസ് ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്, കള്ളക്കേസുകള്‍ പിന്‍വലിക്കണം: മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th November 2022, 9:13 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് 130 ദിവസത്തിലേറെയായി സമാധാനപരമായി നടക്കുന്ന സത്യഗ്രഹ സമരത്തെ പൊലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങണെമന്ന് മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി.

സംഘര്‍ഷം തടയാന്‍ പൊലീസ് ഫലപ്രദമായി ഇടപെടുന്നതിന് പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയുമാണ് ചെയ്തതെന്നും ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു.

തിരുവനന്തപുരം അതിരൂപത ബിഷപ്, വികാരി ജനറല്‍ എന്നിവരെയടക്കം പ്രതികളാക്കി ഒമ്പത് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവര്‍ക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രസ്താവനയില്‍ ഐക്യദാര്‍ഢ്യ സമിതി പറയുന്നു.

വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നവരെ സംരക്ഷിക്കുകയും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് പരിഹാരമില്ലാത്ത നഷ്ടങ്ങള്‍ക്കിടയാക്കും. കള്ളക്കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയിലൂടെ പറഞ്ഞു.

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഐക്യദാര്‍ഢ്യ സമിതിക്കു വേണ്ടി ചെയര്‍മാന്‍ അഡ്വ.തമ്പാന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ ജൂഡ് ജോസഫ് എന്നിവര്‍ അറിയിച്ചു.

അതേസമയം, വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി തിങ്കളാഴ്ച സര്‍വകക്ഷി യോഗം നടക്കും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടര്‍ ജെറോമിക് ജോര്‍ജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തും.

ഇതിനിടെ വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെ.എസ്.ആര്‍.ടി.സി പരിസരത്തും അടക്കം വന്‍ പൊലീസ് സന്നാഹമുണ്ട്. സമീപ ജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ ആണ് കേസ്. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്.ഐ.ആറില്‍ ഉള്ളത്.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയശേഷം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. സമവായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

കസ്റ്റഡിയിലെടുത്ത സെല്‍ട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ശനിയാഴ്ചത്തെ സംഘര്‍ഷം. എന്നാല്‍ കസ്റ്റഡിയിലെടുത്ത സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു.

സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കുമെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു.

സംഘര്‍ഷത്തില്‍ കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റ എസ്.ഐ ലിജോ പി. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു. സംഘര്‍ഷത്തില്‍ എട്ട് സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

ശനിയാഴ്ച രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളില്‍ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ആരംഭിച്ച് 130 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി പ്രസ്താവന:

വിഴിഞ്ഞം: പൊലീസ് ഗുണ്ടാസംഘങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ആഘാത പഠനം നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 130 ദിവസത്തിലേറെയായി സമാധാനപരമായി നടക്കുന്ന സത്യഗ്രഹ സമരത്തെ പൊലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങണം.

ഇന്നലെ തുറമുഖ നിര്‍മാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികളെ സമരസമിതി സമാധാനപരമായി തടഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത് തമ്പടിച്ചിരുന്ന ഒരു കൂട്ടം തുറമുഖാനുകൂലികള്‍ സമരക്കാര്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.

സംഘര്‍ഷം തടയാന്‍ പൊലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയുമാണ് ചെയ്തത്.

തിരുവനന്തപുരം അതിരൂപത ബിഷപ്, വികാരി ജനറല്‍ എന്നിവരെയടക്കം പ്രതികളാക്കി ഒമ്പത് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവര്‍ക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്.

സാമൂഹിക സൗഹാര്‍ദ്ദവും മൈത്രിയും സംരക്ഷിക്കാന്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തിയ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ഗൗരവതരമായി കണ്ട് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുകയും ചെയ്യും.

വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നവരെ കര്‍ശനമായി നേരിടുന്നതിനു പകരം സംരക്ഷിക്കുകയും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് അപരിഹാര്യമായ നഷ്ടങ്ങള്‍ക്കിടയാക്കും. കള്ളക്കേസുകള്‍ പിന്‍വലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

26.11.22ന് വിഴിഞ്ഞത്തുണ്ടായ അതിക്രമങ്ങളിലും തുടര്‍ന്ന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി സമര നേതൃത്വത്തെയും നാട്ടുകാരെയും പീഢിപ്പിക്കുന്നതിനെതിരെയും മുഴുവന്‍ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
28.11.22ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ഐക്യദാര്‍ഢ്യ സമിതിക്കു വേണ്ടി
അഡ്വ.തമ്പാന്‍ തോമസ് (ചെയര്‍മാന്‍)
ജൂഡ് ജോസഫ് (ജനറല്‍ കണ്‍വീനര്‍)

Content Highlight: Fishermen Solidarity Committee Statement on Vizhinjam Clash